Site iconSite icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്ന ഉത്തരവ്: ബാലാവകാശകമ്മിഷന്‍ സുപ്രീം കോടതിയില്‍

പതിനാറ് വയസിന് മുകളിലുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ. പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതി വിധി പോക്‌സോ, ശൈശവ വിവാഹം നിരോധന നിയമങ്ങള്‍ക്കെതിരാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

മുസ്‍ലിം പെണ്‍കുട്ടികള്‍ക്ക് പതിനാറ് വയസ് കഴിഞ്ഞാല്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നാണ് വിധിയില്‍ പഞ്ചാബ് ‑ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയത്. മുഹമ്മദീയന്‍ നിയമ പ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സമാനമായ വിധി ഡല്‍ഹി ഹൈക്കോടതിയും പുറപ്പടുവിച്ചിരുന്നു.

എന്നാല്‍ പതിനെട്ട് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Eng­lish Sum­ma­ry: Order on mar­riage of minor Mus­lim girls: Child Rights Com­mis­sion in Supreme Court
You may also like this video

Exit mobile version