Site iconSite icon Janayugom Online

കേന്ദ്ര മാനദണ്ഡം തിരിച്ചടി; അവയവദാനം കുറയുന്നു

ലോകമാകെ അവയവദാന പ്രക്രിയ പുരോഗമിക്കുമ്പോഴും രാജ്യത്ത് ഗണ്യമായ ഇടിവ്. അവയവദാനം സംബന്ധിച്ച കേന്ദ്ര നയങ്ങളാണ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും തിരിച്ചടി സൃഷ്ടിക്കുന്നത്. രാജ്യത്ത് മൂന്ന് ലക്ഷം പേര്‍ ഗുരുതര രോഗം ബാധിച്ച് അവയവദാനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നുണ്ട്. ദിനംപ്രതി 20 പേര്‍ അവയവം ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ ഒരുവശത്ത് കൊണ്ടുപിടിച്ച പ്രചരണങ്ങളും വാഗ്ദാനങ്ങളും നടത്തുമ്പോഴും കേന്ദ്ര നയങ്ങള്‍ രോഗീസൗഹൃദമാകുന്നതിന് പകരം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ബാലികേറാമലയായി മാറുകയാണ്. അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ ഇക്കഴിഞ്ഞ കേന്ദ്രബജറ്റിലും നയാപൈസ വകയിരുത്തിയിട്ടില്ല എന്നത് ഇതിന് തെളിവാണ്. രാജ്യത്തെ അവയവദാന നിരക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗണ്യമായ തോതില്‍ ഇടിയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 10 ലക്ഷത്തിന് ഒരാള്‍ എന്നനിലയില്‍ മാത്രമാണ് ഇപ്പോള്‍ അവയവം ലഭിക്കുന്നതെന്ന് ഇന്ത്യന്‍ സെസൈറ്റി ഓഫ് ഓര്‍ഗന്‍ ട്രാന്‍സ‌്പ്ലാന്റ് സെക്രട്ടറി വിവേക് കുട്ടെ പറഞ്ഞു. 65 പേര്‍ വേണ്ടിടത്താണ് ഇന്ത്യയില്‍ ഇതിന്റെ നിരക്ക് ഒന്ന് എന്ന നിലയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പ്രതിവര്‍ഷം 15 ലക്ഷം പേര്‍ റോഡപകടത്തില്‍ കൊല്ലപ്പെടുന്നുവെന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അവയവദാനത്തിലെ കുറവ് കേന്ദ്ര നയങ്ങളുടെ വൈകല്യമാണ് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് നടക്കുന്ന 85 ശതമാനം അവയവദാനം രോഗിയുടെ അടുത്ത ബന്ധുക്കള്‍ വഴിയാണ് സാധ്യമാകുന്നത്. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനനിരക്ക് 1.2 ശതമാനത്തിലേക്ക് താഴ്ന്നതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അവയദാനം സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള അജ്ഞത, പരിശീലനത്തിന്റെ അഭാവം, മസ്തിഷ്ക മരണം സംഭവിച്ച രോഗികളുടെ ബന്ധുക്കളുമായുള്ള ആശയ വിനിമയത്തിലെ പോരായ്മ എന്നിവയും പദ്ധതിയെ പിന്നോട്ടടിക്കുന്നതായി മുംബൈ ലോക് മാന്യതിലക് മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയിലെ യുറോളജിസ്റ്റ് ഡോ. വത്സല ത്രിവേദി പറയുന്നു. മസ്തിഷ്ക മരണം സംഭവിച്ച രോഗിക്ക് ഹൃദ്രോഹം വന്നാല്‍ ഭൂരിപക്ഷം അവയവങ്ങളും ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത്തരം വിഷയങ്ങള്‍ ജാഗ്രതയോടെ വിലയിരുത്തി മാത്രമേ അവയവദാനം നടത്താന്‍ പാടുള്ളൂ. രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് അവയവദാനം നടത്താന്‍ തമിഴ‌്നാട്, കേരളം, അസം, ഡല്‍ഹി സര്‍ക്കാരുകള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് വിപരീതമായ നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ആരോഗ്യ മേഖലയ്ക്ക് നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതം മൂന്നാം മോഡി ഭരണത്തില്‍ 3.8 ശതമാനം വെട്ടിക്കുറച്ച് പാടെ അവഗണിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Organ dona­tion declines in the country

You may also like this video

Exit mobile version