Site iconSite icon Janayugom Online

തടവുകാരുടെ അവയവങ്ങള്‍ മോഷ്ടിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് പലസ്തീന്‍

ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ വിട്ടു നല്‍കിയ തടവുകാരുടെ മൃതദേഹങ്ങളില്‍ നിന്നും അവയവങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പലസ്തീന്‍. ഭയാനകമായ കുറ്റകൃത്യമാണ് ഇസ്രയേല്‍ നടത്തിയത്. സംഭവത്തില്‍ അന്താരാഷ്ട്ര സമിതി അന്വേഷണം നടത്തണമെന്നും പലസ്തീനിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ സൈന്യം മനഃപൂര്‍വം തടവുകാരെ കൊലപ്പെടുത്തി അവയവങ്ങള്‍ കവര്‍ന്നെന്ന് ഗാസ അധികൃതര്‍ ആരോപിച്ചു. 

കണ്ണുകള്‍, കോര്‍ണിയകള്‍, മറ്റ് അവയവങ്ങള്‍’ എന്നിവ ഉള്‍പ്പെടെ നിരവധി അവയവങ്ങള്‍ മൃതശരീരങ്ങളില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. മൃതദേഹങ്ങളില്‍ നിന്നും അവയവങ്ങള്‍ മോഷ്ടിച്ചുവെന്ന് ഇക്കാര്യം തെളിയിക്കുന്നു. ക്രൂരമായ കുറ്റകൃത്യമാണിതെന്ന് സര്‍ക്കാര്‍ മീഡിയ ഓഫിസ് ഡയറക്ടര്‍ ഇസ്മായില്‍ തവാബ്ത പറഞ്ഞു. 

റെഡ് ക്രോസ് വഴി കൈമാറിയ നൂറിലേറെ മൃതദേഹങ്ങളില്‍ പലതും കൈകാലുകള്‍ ബന്ധിച്ച് കണ്ണുകള്‍ കെട്ടിയ നിലയിലാണ്. ചിലരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി വ്യക്തമായി. കഴുത്തില്‍ കയറിന്റെ അടയാളങ്ങള്‍ ഇതിനുള്ള തെളിവാണ്. മനഃപൂര്‍വമായ കൊലപാതകത്തിലേക്കാണ് ഇവ വിരല്‍ചൂണ്ടുന്നതെന്നും ഇസ്മായില്‍ തവാബ്ത പറഞ്ഞു. മൃതദേഹങ്ങള്‍ മിക്കതും വളരെ മോശം അവസ്ഥയിലാണ് ഇസ്രയേല്‍ വിട്ടുനല്‍കിയത്. കൊലപാതകത്തിന്റെയും ക്രൂരമായ പീഡനങ്ങളുടെയും സൂചനകളാണ് ഓരോ മൃതദേഹത്തില്‍ നിന്നും ലഭിച്ചത്. അതേസമയം, ഇസ്രയേല്‍ സൈന്യം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

Exit mobile version