Site iconSite icon Janayugom Online

ഫാസിസം വ്യാപിക്കുമ്പോള്‍ സംഘടിതമായ പ്രതിരോധം വേണം : പ്രകാശ് രാജ്

രാജ്യത്ത് ഫാസിസത്തിന്റെ വ്യാപനമാണെന്ന് ചലച്ചിത്ര നടന്‍ പ്രകാശ് രാജ്. എല്ലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും ഫാസിസത്തിന്റെ വ്യാപനമുണ്ടെന്നും അതിനെതിരെ സംഘടിതമായ പ്രതിരോധമാണ് ഉണ്ടാകേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.കേരള സാഹിത്യ അക്കാദമിയുടെ സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനം ടോക് ഇന്ററാക്ഷന്‍ പരിപാടിയില്‍ ആര്‍ട് ആന്റ് ഡെ­മോക്രസി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസിലെ ചോദ്യങ്ങളോട് കൃത്യവും ശക്തവുമായ മറുപടികളുമായി അദ്ദേഹം സംവദിച്ചു. ജനാധിപത്യത്തിനു മാത്രമെ ജനങ്ങളെ സംരക്ഷിക്കാനാകുവെന്ന് ഓര്‍മ്മപ്പെടുത്തിയ അദ്ദേഹം, ഫാസിസത്തിന്റെ നിര്‍മ്മിതികളാണ് ചുറ്റിലും കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ ചെറിയതോതില്‍ മാത്രമാണ് അതിനെപ്പറ്റി പറയുന്നത്. മോദി സംസ്കാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന നീക്കങ്ങളാണ് നടത്തുന്നത്. അത് ഏറെ ദുഖകരമാണ്. പ്രതീക്ഷ നഷ്ടപ്പെടുന്ന ലോകത്ത് എന്തു ചെയ്യാന്‍ സാധിക്കുമെന്നുള്ള ചോദ്യമാണ് പ്രസക്തമാകുന്നത്. ചരിത്രത്തെ തന്നെ ഉപേക്ഷിക്കുന്ന, സര്‍വവും ഇല്ലാതാക്കുന്ന ഫാസിസത്തിനെതിരെ ഒന്നിച്ച് നില്‍ക്കണം. മാധ്യമങ്ങളെയോ, നീതിന്യായവ്യവസ്ഥയെയോ വിശ്വസിക്കാനാവാത്ത കാലത്തിലേക്ക് നാം എത്തിയിരിക്കുന്നു. മണിപ്പൂരും പലസ്തീനും നമ്മെ വേദനിപ്പിക്കാതായിരിക്കുന്നു. അനീതി ഒരു ശീലമായിരിക്കുന്നവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യയിലെ സംഘപരിവാര്‍ നേതൃത്വത്തിലുള്ള വലതുപക്ഷ ചിന്തയോട് വാദിച്ചുനില്‍ക്കേണ്ടതില്ല, അതിനെ തള്ളിത്താഴെയിടുക എന്നതു മാത്രമാണ് പരിഹാരം. അനീതിയെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുകയാണ് പ്രതിവിധിയെന്ന് പ്രകാശ് രാജ് ഓര്‍മ്മിപ്പിച്ചു.

ഫ്രാന്‍സിസ് കൂംസ്, വിവേക് ശാന്‍ഭാഗ്, രാജ് നായര്‍ എന്നിവരുടെ സംഭാഷണ സെഷനുകള്‍, ജനാധിപത്യവും മതരാഷ്ട്രവാദവും, മൈത്രിയുടെ ഭാഷ്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പി എന്‍ ഗോപീകൃഷ്ണനും സുനില്‍ പി ഇളയിടവും നടത്തിയ പ്രഭാഷണങ്ങള്‍ എന്നിങ്ങനെ നാലുവേദികളിലായി 20 സെഷനുകളാണ് സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസം നടന്നത്. കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ വൈകുന്നേരം ഏഴു മണിക്ക് കഥകളിയും അവതരിപ്പിച്ചു.

Eng­lish Sum­ma­ry: Orga­nized resis­tance is need­ed when fas­cism spreads: Prakash Raj

You may also like this video

Exit mobile version