Site iconSite icon Janayugom Online

സമം പദ്ധതിയുടെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

ChithraChithra

സംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. സമം പദ്ധതിയുടെ അംബാസഡർ കെ എസ് ചിത്ര, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാക്ഷരതാ മിഷൻ കലോത്സവ പ്രതിഭ താമരാക്ഷിയമ്മ, സിനിമ താരം ശാന്തി കൃഷ്ണ, രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാര ജേതാവ് കെ എം ബീനമോൾ, എഴുത്തുകാരിയും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ചന്ദ്രമതി, ഗവേഷക ഡോ. ലിസ്ബ യേശുദാസ്, പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ എസ് അനിതകുമാരി എന്നിവർ ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തുത്.
സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. നൂതന ആശയങ്ങളിലൂടെ സ്ത്രീ സമൂഹത്തെ മുന്നോട്ടു നയിക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണെന്നും ഇതിന്റെ മറ്റൊരു മുഖമാണു ‘സമം’ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. സ്ത്രീതുല്യ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്ന സാംസ്കാരിക ബോധവല്‍ക്കരണ പദ്ധതിയായ ‘സമം’ രാജ്യത്തിനുതന്നെ മാതൃകയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുത്തു.

ചലച്ചിത്ര മേഖലയിലെ സ്ത്രീ സാന്നിധ്യം വർധിപ്പിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വനിതാ സംവിധായകർക്കായുള്ള ചലച്ചിത്ര നിർമാണ പദ്ധതി പ്രകാരം കെഎസ്എഫ്ഡിസി നിർമ്മിച്ച് ജെ ശിവരഞ്ജിനി സംവിധാനം ചെയ്യുന്ന വിക്ടോറിയ എന്ന ചിത്രത്തിന്റെ നിർമ്മാണോദ്ഘാടനം ചടങ്ങിൽ മന്ത്രി സജി ചെറിയാന്‍ നിർവഹിച്ചു. ഗാനാവതരണം, നാടകം, സന്തോഷ് കീഴാറ്റൂരിന്റെ പെൺ നടൻ എന്ന ഏകാംഗ നാടകം, ജസ്റ്റിസ് ഫാത്തിമ ബീവിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, ആർ പാർവതീദേവി മോഡറേറ്റ് ചെയ്ത സമത്വവും സാമൂഹിക നീതിയും എന്ന ഓപ്പൺ ഫോറം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍, കേരള സംസ്ഥാന സാംസ്കാരിക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍, കേരള സംസ്ഥാന ഫിലിം ഫെഡറേഷന്‍ കോര്‍പ്പറേഷന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി എന്നിവരുടെ മേധാവിമാരും ചടങ്ങളില്‍ പങ്കെടുത്തു. അക്ഷരശ്രീ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ തുല്യതാ പഠിതാക്കളുടെ വാര്‍ഡ് കോ-ഓഡിനേറ്റര്‍മാരുടെയും ഒപ്പന, തിരുവാതിര എന്നിവയും നടന്നു.

You may also like this video

Exit mobile version