രാജ്യത്ത് നിർമ്മിക്കുന്ന ഭൂരിപക്ഷം മരുന്നുകളിലും മാലിന്യങ്ങളും കലർപ്പുകളും തിരിച്ചറിയുന്നതിനുള്ള പരിശോധന (ഇംപ്യൂരിറ്റി ടെസ്റ്റ്) നടത്തുന്നില്ലെന്ന് റിപ്പോർട്ട്. ഇത് രോഗിയുടെ ആരോഗ്യനിലയെ അപകടപ്പെടുത്തുകയും ഗുണനിലവാരമില്ലാത്ത മരുന്നുകൾ അമിത വിലകൊടുത്തു വാങ്ങേണ്ടുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഹിമാചൽ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര ഗോവ, കർണാടക, കേരളം, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഒട്ടുമിക്ക സർക്കാർ ‑സ്വകാര്യ ലാബുകളിൽ ഒരിക്കൽപോലും മരുന്നുകള്‍ മാലിന്യ പരിശോധനയ്ക്കോ ഗുണനിലവാര പരിശോധനയ്ക്കോ വിധേയമാക്കുന്നില്ലെന്ന് വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കി ദ വയര്‍ പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മരുന്നുകളിലെ അന്യഘടകങ്ങൾ വിഷാംശമുള്ളതാണ്. ഇതിന്റെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ രോഗിയുടെ ആരോഗ്യനില അപകടത്തിലാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പല സംസ്ഥാനങ്ങളിലും വര്‍ഷങ്ങളായി മരുന്നുകളില്‍ മാലിന്യ ടെസ്റ്റ് നടത്തുന്നില്ല. പല ലാബുകളിലും ഇതിനുവേണ്ട ഉപകരണങ്ങളില്ല. പരിശോധനകള്‍ നടത്തുന്നതിനു വേണ്ട സാമ്പത്തിക സഹായം സര്‍ക്കാരുകള്‍ നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. മരുന്നു നിര്‍മ്മാണത്തില്‍ ഗുണനിലവാരം നിഷ്കർഷിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മരുന്നുകളില്‍ കാണപ്പെടുന്ന മാലിന്യങ്ങളുടെ ഒരു വിഭാഗമായ കാർസിനോജെനിക് നൈട്രോസാമൈനുകള്‍ അടുത്തിടെ വന്‍ ചര്‍ച്ചയായിരുന്നു. 2018 മുതല്‍ അമിതരക്ത സമ്മര്‍ദ്ദം, ഗ്യാസ്ട്രോ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് കഴിക്കുന്ന മരുന്നുകളില്‍ ആഗോളതലത്തില്‍ നൈട്രോസാമൈനുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയിലെ ലാബുകള്‍ നൈട്രോസാമൈൻ പരിശോധനകളിൽ നിന്ന് വിട്ടു നില്‍ക്കുകയാണ്. വേദനസംഹാരിയായ പാരസെറ്റമോളില്‍ കാണപ്പെടുന്ന 4‑അമിനോഫെനോള്‍, അണുബാധയ്ക്ക് ഉപയോഗിക്കുന്ന മെട്രെനൈഡേസോളില്‍ കാണപ്പെടുന്ന 2‑മീഥൈല്‍, 5‑നൈട്രോമിഡസോള്‍ എന്നിവയും അപകടകരമായ ഘടകങ്ങളാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
english summary;Other components of the drug pose a health threat
you may also like this video;