അറിയപ്പെടാത്ത മനുഷ്യര്‍ക്കായി ദുരന്തഭൂമിയില്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയത് ആയിരങ്ങളായിരുന്നുവെങ്കില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനും പുനരധിവാസത്തിനുമായി സ്നേഹത്തിന്റെ കുത്തൊഴുക്ക്. രാഷ്ട്രീയ ബധിരത ബാധിച്ചവരുടെ കുപ്രചരണങ്ങള്‍ വകവയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായങ്ങളും ഭൗതിക വാഗ്ദാനങ്ങളും പ്രവഹിക്കുന്നത്. സാധാരണക്കാരും സമ്പന്നരും സംഘടനകളും ഭേദമില്ലാതെയാണ് സഹായമെത്തിക്കുന്നത്. കഴിഞ്ഞ ദിവസം എഐവൈഎഫ്, ഡിവൈഎഫ്ഐ എന്നീ യുവജന സംഘടനകള്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നാഷണൽ സർവീസ് സ്കീം 150, മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് 40 എന്നിങ്ങനെ വീടുകള്‍ പ്രഖ്യാപിച്ചു.
നൂറ് കുടുംബങ്ങൾക്ക് വീട് വയ്ക്കാനായി മേപ്പാടിയില്‍ സ്ഥലം വിട്ടു നൽകുമെന്ന് ബോചെ അറിയിച്ചു. 10 കോടി ചെലവില്‍ 20 വീടുകള്‍ നല്‍കുമെന്ന് ശോഭ ഗ്രൂപ്പ് വാഗ്ദാനം ചെയ്തു. വീട് പണിയാന്‍ കുടുംബസ്വത്തിലെ അഞ്ച് സെന്റ് ഭൂമി എഐവൈഎഫ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ടി താഹയും അരക്കോടിയുടെ പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലും വാഗ്ദാനം ചെയ്തു. ഇതിന് പുറമേ വ്യക്തികളും സംഘടനകളും നേരിട്ടും അല്ലാതെയും സംഭാവന നല്‍കുകയാണ്.
തിരുവനന്തപുരം കോർപറേഷൻ, ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദൻ രണ്ട് കോടി വീതം, കെഎഫ്‌സി 1.25 കോടി, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എന്നിവയും മുൻ എംപിയും എസ്ആർഎം യൂണിവേഴ്സിറ്റി ഫൗണ്ടർ ചാൻസിലറുമായ ഡോ. ടി ആർ പാരിവേന്ദറും ഒരു കോടി രൂപ വീതവും, എസ്‌യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസ് 50.34, സിപിഐ(എം) 25, ചലച്ചിത്രതാരം മോഹൻലാൽ 25, മഹിളാ അസോസിയേഷൻ 35, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 25 ലക്ഷം രൂപ വീതവും നല്‍കി.
അതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞ ഉരുള്‍പൊട്ടലിന്റെ വ്യാപ്തിയറിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ ഇപ്പോഴും ദുരന്തഭൂമിയില്‍ തുടരുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, അട്ടമല, വെള്ളാര്‍മല, ചൂരല്‍മല… ആ സ്ഥലപ്പേരുകള്‍ പോലും പലരും ആദ്യമായി കേള്‍ക്കുകയായിരുന്നു. ദുരന്തമുണ്ടായപ്പോള്‍ എവിടെയാണെന്ന് ചോദിച്ചറിഞ്ഞ് എത്തിയതാണവര്‍, മണ്ണില്‍പ്പൂണ്ട മനുഷ്യരെ തിരഞ്ഞ്. സകലതും നഷ്ടപ്പെട്ടവര്‍ക്ക് ആലംബമായി. ആദ്യം ചൂരല്‍മലയില്‍. പിന്നീട് മുന്നോട്ടുപോയി പുഞ്ചിരിമട്ടം വരെ.
സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ആളും അര്‍ത്ഥവും നിറഞ്ഞ് അവിടെയുണ്ട്. ദുരന്തഭൂമിയില്‍ സൈന്യത്തിന്റെ സര്‍വ സന്നാഹങ്ങളുമുണ്ട്. എങ്കിലും അവര്‍ക്കൊപ്പം എല്ലായിടത്തുമുണ്ട് ആഹ്വാനങ്ങളും അഭ്യര്‍ത്ഥനകളും കിട്ടുംമുമ്പ് ഇറങ്ങിപ്പുറപ്പെട്ടെത്തിയ നൂറുകണക്കിന് പേര്‍. ദുരന്തഭൂമിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും. ഓരോ സംഘടനയുടെയും പേരില്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയവരെ ധരിച്ച മണ്ണുപുരണ്ട വസ്ത്രങ്ങളിലെ അക്ഷരക്കൂട്ടങ്ങളിലൂടെ മാത്രമെങ്കിലും തിരിച്ചറിയും. അല്ലാതെയുള്ളവര്‍ക്ക് പേരുകളുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരോട് പേരു പറയാന്‍ പോലും നേരമില്ലാതെ അവര്‍ ദുരന്ത ഭൂമിയില്‍ സന്നദ്ധപ്രവര്‍ത്തനത്തിലാണ്.
English Summary: Outpouring of love despite the hype
You may also like this video