Site iconSite icon Janayugom Online

പാര്‍ലമെന്റിനു പുറത്തും; പ്രതിഷേധം പാടില്ല

‘അഴിമതി‘യടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നതിനുള്ള വിലക്കിന് പിന്നാലെ പാര്‍ലമെന്റില്‍ ജനാധിപത്യ പ്രതിഷേധത്തിനും നിരോധനം. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണയോ സത്യഗ്രഹമോ പാടില്ലെന്നാണ് രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോഡിയുടെ ഉത്തരവ്.
പാര്‍ലമെന്റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ഉത്തരവ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വിശ്വഗുരുവിന്റെ പുതിയ നടപടിയെന്ന അടിക്കുറിപ്പോടെയാണ് ഉത്തരവ് പോസ്റ്റ് ചെയ്തത്. സാധാരണ വ്യവഹാരത്തിലെയുള്‍പ്പെടെ പദങ്ങള്‍ സഭയില്‍ പാടില്ലെന്ന ലോക്‌സഭയുടെ സര്‍ക്കുലറിനു പിന്നാലെ പ്രതിഷേധങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 

പാര്‍ലമെന്റിനെ സ്തുതിപാഠകരുടെ വേദിയാക്കാനാണ് ബിജെപി സര്‍ക്കാര്‍ മോഹിക്കുന്നതെങ്കില്‍ അതിന് കൂട്ടുനില്ക്കുവാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ലെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയും രോഷവും പ്രതിഷേധവും പ്രതിഫലിപ്പിക്കാന്‍ വേണ്ടിയാണ് ജനങ്ങളുടെ പ്രതിനിധികളായി ഞങ്ങള്‍ പാര്‍ലമെന്റിലെത്തിയത്. അതില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന് ആരും വ്യമോഹിക്കേണ്ടതില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി ഇനിയും പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മായ്ക്കുന്നില്ലെന്ന് ടിഎംസി നേതാവ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ‘എന്തുകൊണ്ട് പാർലമെന്റ് പരിസരത്തെ ഗാന്ധി പ്രതിമ മാറ്റുന്നില്ല? എന്തുകൊണ്ട് ഭരണഘടനാ അനുച്ഛേദം 19(1എ) എടുത്തുകളയുന്നില്ല’- മൊയ്ത്ര ചോദിച്ചു. രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശത്തില്‍ എൻസിപി തലവൻ ശരദ് പവാറും പ്രതിഷേധിച്ചു. എല്ലാ പാർട്ടികളുടെയും നേതാക്കൾ ഇന്ന് ഒന്നിച്ചിരുന്ന് ഇക്കാര്യം ചർച്ച ചെയ്യുമെന്നും പവാർ പറഞ്ഞു. 

പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയുടെ മുന്നില്‍ എംപിമാര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവും ധര്‍ണയും ഉപവാസവും നടത്തിയിരുന്നു.
സഭയില്‍ വിഷയങ്ങള്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ സമരവേദിയാണ് ഗാന്ധി പ്രതിമാ പരിസരവും പാര്‍ലമെന്റ് മന്ദിര വളപ്പും. അതേസമയം സഭയില്‍ പദപ്രയോഗങ്ങള്‍ക്ക് വിലക്കില്ലെന്നും ഏതവസരത്തിലാണ് ഈ പദങ്ങള്‍ ഉപയോഗിച്ചത് എന്നതിനെ ആശ്രയിച്ചാകും അവ നീക്കം ചെയ്യുകയെന്നും സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. സഭാ സമ്മേളനത്തിനു മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്.

Eng­lish Summary:Outside Par­lia­ment; No protest
You may also like this video

Exit mobile version