Site iconSite icon Janayugom Online

അമ്മാതിരി ‘ഓവർടേക്ക്’ വേണ്ട; മിന്നലിനെ സൂപ്പർഫാസ്റ്റ് മറികടക്കരുത്; ഉത്തരവിറക്കി കെഎസ്ആർടിസി

മിന്നൽ, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു.
ഡ്രൈവർമാർക്ക് മാത്രമല്ല കണ്ടക്ടർമാർക്കും ഇക്കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്റ് നിർദേശം നൽകിയിട്ടുണ്ട്. 

അതിവേഗം സുരക്ഷിതമായി നിർദിഷ്ട സ്ഥലങ്ങളിൽ എത്തുന്നതിനാണ് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി യാത്രക്കാർ ഉയർന്ന ശ്രേണിയിൽപ്പെട്ട ബസുകളെ തെരഞ്ഞെടുക്കുന്നതെന്ന് ജീവനക്കാർ മറക്കരുത്. അതുകൊണ്ടു തന്നെ റോഡിൽ, അനാവശ്യ മത്സരം വേണ്ടെന്നും കെഎസ്ആർടിസി എംഡി ഉത്തരവിൽ വ്യക്തമാക്കി. 

ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. താഴ്ന്ന ശ്രേണിയിൽപ്പെട്ട ബസുകൾ മിന്നൽ അടക്കമുള്ള ഉയർന്ന ടിക്കറ്റ് നിരക്കുള്ള ബസുകൾക്ക് വശം നൽകാതിരുന്നതും മത്സരിച്ച്‌ മറികടക്കുന്നതുമായ പരാതികൾ ധാരാളം ലഭിച്ചിരുന്നു. പരാതി വ്യാപകമായതോടെയാണ് ‘അമ്മാതിരി ഓവർടേക്കിങ്’ വേണ്ടെന്ന് കർശന നിർദേശവുമായി കെഎസ്ആർടിസി മാനേജ്മെന്റ് രംഗത്തെത്തിയത്.

Exit mobile version