Site iconSite icon Janayugom Online

പാബ്ലോ നെരൂദയെ വിഷം കൊടുത്ത് കൊന്നതെന്ന് പുതിയ തെളിവുകള്‍

നോബേല്‍ സമ്മാനജേതാവും വിഖ്യാത കവിയുമായ പാബ്ലോ നെരൂദയെ വിഷം കൊടുത്ത് കൊന്നതാണെന്ന് പുതിയ റിപ്പോര്‍ട്ട്. സാൽവദോർ അലൻഡയെ അമേരിക്കയുടെ സഹായത്തോടെ അട്ടിമറിച്ച് പിനോഷെ ഭരണം പിടിച്ചെടുത്ത് 12 ദിവസത്തിന് ശേഷമാണ് പാബ്ലോ നെരൂദ മരിച്ചത്. 50 വർഷത്തിനിപ്പുറം വിദഗ്ധരുടെ പരിശോധനയിൽ നെരൂദയെ വിഷം കൊടുത്ത് കൊന്നതാണെന്ന സംശയമാണ് ഇപ്പോള്‍ പുതിയ തെളിവുകളോടെ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പത്ത് വർഷം മുമ്പ്, കവിയുടെ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ ചിലിയൻ ജഡ്ജി ഉത്തരവിട്ടിരുന്നു. ഉറങ്ങുമ്പോള്‍ വയറ്റില്‍ ആരോ കുത്തിവെച്ചെന്ന് മരണത്തിന് ഏതാനും മണിക്കൂര്‍മുമ്പ് ആശുപത്രിയില്‍നിന്ന് നെരൂദ തന്നെ ഫോണില്‍ വിളിച്ചുപറഞ്ഞെന്ന ഡ്രൈവര്‍ മാനുവല്‍ അരായയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നു ഈ ഉത്തരവ്. അവശിഷ്ടങ്ങളുടെ സാമ്പിളുകൾ വിശകലനത്തിനായി നാല് രാജ്യങ്ങളിലെ ഫോറൻസിക് ലബോറട്ടറികളിലേക്ക് അയച്ചു. 2015‑ൽ ചിലിയൻ സർക്കാർ അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികൾ “ഒരു മൂന്നാം കക്ഷി ആയിരിക്കാൻ സാധ്യതയുണ്ട്” എന്ന് പറഞ്ഞു. കവി പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച് അല്ല മരിച്ചതെന്ന്  നൂറുശതമാനവും ബോധ്യമാണെന്ന് രണ്ട് വർഷത്തിന് ശേഷം  അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘം പറയുകയും ചെയ്തിരുന്നു.

ശാസ്ത്രീയ പരിശോധനകളിൽ ക്ലോസ്‌ട്രിഡിയം ബോട്ടുലിനം എന്ന വിഷവസ്തു നെരൂദയുടെ ശരീരത്തിൽ ഉണ്ടായിരുന്നതായി തിങ്കളാഴ്‌ച പുറത്തുവന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി നെരൂദയുടെ അനന്തിരവന്‍ റൊഡോള്‍ഫോ റെയ്‌സ് ആണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ വിശകലനത്തിന്റെ ഫലങ്ങൾ ഇന്ന് പുറത്തുവരുന്ന റിപ്പോർട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  1973 ൽ സ്റ്റേറ്റ് ഏജന്റുമാരുടെ ഇടപെടലിലൂടെയാണ് നെരൂദ കൊല്ലപ്പെട്ടതെന്ന് റെയസ് സ്പാനിഷ് വാർത്താ ഏജൻസിയായ എഫിനോട് പറഞ്ഞു. 1973 സെപ്റ്റംബര്‍ 23‑ന് സാന്തിയാഗോയിലെ ആശുപത്രിയിലാണ് നെരൂദ മരിച്ചത്. 

ബോട്ടുലിസത്തിന് കാരണമാകുന്ന ന്യൂറോടോക്സിൻ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയ നെരൂദയുടെ പുറത്തെടുത്ത പല്ലുകളിലൊന്നിൽ 2017‑ൽ കണ്ടെത്തിയിരുന്നു. കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയിലെയും കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റിയിലെയും വിദഗ്ധർ നടത്തിയ വിശകലനത്തിൽ നെരൂദയുടെ ശരീരത്തിൽ നിന്ന് ബാക്ടീരിയ കടന്നില്ലെന്ന് കണ്ടെത്തിയതായി റെയ്‌സ് പറഞ്ഞു. വിഷം കുത്തിവയ്പ്പ് നടത്തിയതായി പറയപ്പെടുന്ന ക്ലിനിക്കിന്റെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം മുതൽ വിദേശ ലാബ് പരിശോധനകൾക്ക് ധനസഹായം നൽകുന്നതിലെ ബുദ്ധിമുട്ട് വരെ നീണ്ട അന്വേഷണത്തിൽ നിരവധി തടസ്സങ്ങൾ നേരിട്ടതായും അദ്ദേഹം ആരോപിച്ചു.

ചിന്തിക്കുന്ന തലച്ചോറുകളെ പേടിച്ച് ഭരണകൂടം മനുഷ്യരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന്റെ ചരിത്രം ക്ലാസിക്കൽ കാലഘട്ടത്തോളം പഴക്കമുള്ളതാണ്. സോക്രട്ടീസ് മുതൽ യാസർ അറഫാത്ത് വരെ സാമ്രാജ്യത്വം വിഷം കൊടുത്തുകൊന്നവരുടെ പട്ടിക ഏറെ വലുതാണ്. സോക്രട്ടീസിനെ ഹെംലോക്ക് കൊടുത്ത് കൊന്നത് മുതലിങ്ങോട്ട് പൊളോണിയം പ്രയോഗം വരെ നീളുന്നതാണ് കൊലപാതകികളുടെ വൈദഗ്ധ്യം.

ഓഷ്വിട്സിലും സോബിബോറിലും ട്രെബ്ലിങ്കയിലുമെല്ലാമായി നാസികൾ കൂട്ടക്കൊല നടത്തിയിരുന്നത് ലക്ഷക്കണക്കിന് ജൂതന്മാരെയും സൈക്ലോൺ ബി എന്ന വിഷവാതകത്തെയും ഗ്യാസ് ചേംബറുകളിൽ നിറച്ചാണ്. വിയറ്റ്നാം എന്ന കമ്മ്യൂണിസ്റ്റ് ജനതയെ കണ്ട് വിറളി പിടിച്ച അമേരിക്കൻ സാമ്രാജ്യത്വം ഹെലികോപ്റ്ററുകളിൽ തളിച്ചത് ഏജന്റ് ഓറഞ്ച്. ലോകയുദ്ധാനന്തരം കമ്മ്യൂണിസത്തെ തകർക്കാൻ വേണ്ടി സാമ്രാജ്യത്വം നടത്തിയ നിരവധി വിഷപ്രയോഗങ്ങളിലേക്ക് നെരൂദയുടെ മരണവും കണ്ണിചേർക്കപ്പെടുകയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ വിഷക്കൊലയുടെ രീതിശാസ്ത്രം പരസ്യമായ ഉപയോഗത്തിൽ നിന്ന് രഹസ്യമായ പ്രയോഗത്തിലേക്ക് വഴിമാറുകയാണ്. യാസർ അറഫാത്ത് അടക്കം നവസാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ നിരവധിപേർ പോർനിലങ്ങളിൽ ദുരൂഹമായി വീണു പോകുകയാണ്. ഇന്ന് ആണവ വിഷം തീണ്ടി നേതാക്കൾ ദുരൂഹമായി വിട പറയുമ്പോൾ പോലും തങ്ങളുടെ കൊലപാതകമികവ് കണ്ട് അഭിനന്ദിക്കാൻ ജനത്തെ പഠിപ്പിക്കുകയാണ് സാമ്രാജ്യത്വ ഭരണകൂടങ്ങൾ.

 

Eng­lish Sam­mury: poet Pablo Neru­da died after being poi­soned with a pow­er­ful tox­in, appar­ent­ly con­firm­ing decades of sus­pi­cions that he was murdered

Exit mobile version