Site iconSite icon Janayugom Online

പടയപ്പ വീണ്ടും റേഷൻ കട തകർത്തു

elephantelephant

റേഷന്‍ കടകള്‍ക്കെതിരെ പടയപ്പയുടെ ആക്രമണം വീണ്ടും. കഴിഞ്ഞ ദിവസം പെരിയവാര എസ്റ്റേറ്റിലെത്തിയ കാട്ടാന ശിവകുമാരിയുടെ റേഷന്‍ കട തകര്‍ത്ത് രണ്ട് ചാക്ക് അരി അകത്താക്കി മടങ്ങി. മൂന്നാറിലെ ജനവാസ മേഖലയില്‍ ഇങ്ങുന്ന കാട്ടാനകളുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. ചൊക്കനാട് എസ്റ്റേറ്റില്‍ കുട്ടിയുമായി ആറ് ആനകളാണ് ഒരുമാസക്കാലമായി നിലയുറപ്പിച്ചിരിക്കുന്നത്. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ജനവാസമേഖലയില്‍ എത്തുന്ന കാട്ടാനകള്‍ തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയും കൃഷി നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. 

മൂന്നാര്‍, സൈലന്റുവാലി, നെറ്റിക്കുടി, ഗൂഡാര്‍വിള, ലോക്കാട് എസ്റ്റേറ്റുകളിലും മറിച്ചല്ല സ്ഥിതി. പടയപ്പയെന്ന കാട്ടാന ലോക്കാടിലെ റേഷന്‍ കട പത്തിലധികം പ്രാവശ്യമാണ് തകര്‍ത്തത്. കാട്ടാനക്ക് പുറമെ കഴിഞ്ഞ ദിവസം ഇവിടെ കാട്ടുപോത്തും ഇറങ്ങി ഭീതിപടര്‍ത്തിയിരുന്നു. തൊഴിലാളികള്‍ ജോലിക്കുപോകുന്ന പാതയില്‍ രാവിലെ ഇറങ്ങിയ കാട്ടുപോത്തിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ വിരട്ടിയോടിച്ച് കാട്ടില്‍ കയറ്റിയത്. 

ജനവാസമേഖലയില്‍ വര്‍ഷങ്ങളായി വിലസുന്ന കാട്ടാനയെ തുരത്താന്‍ വനപാലകരോട് തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരുനടപടികളും ഉണ്ടായിട്ടില്ലെന്ന് തോട്ടം തൊഴിലാളികൾ ആരോപിക്കുന്നു. 

Eng­lish Sum­ma­ry: Padayap­pa broke the ration shop again

You may also like this video

Exit mobile version