കീടനാശനി പ്രയോഗം ഇല്ലാതെയും നെല്ല് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പറ്റം കർഷകർ. മുട്ടാർ കൃഷിഭവൻ പരിധിയിലെ മുളവനക്കരി പാടശേഖരമാണ് കഴിഞ്ഞ 20 വർഷമായി കീടനാശിനികളുപയോഗിക്കാതെ നെല്ലുവിളയിക്കുന്നത്. വിഷം തളിക്കാതെ തന്നെ നൂറുമേനി വിളവാണ് ഇവിടെ ലഭിച്ച് വരുന്നത്. 89 ഏക്കർ പാടത്ത് 53 കർഷകരാണുള്ളത്. 50 സെന്റ് മുതൽ അഞ്ചേക്കർ വരെ കൃഷിഭൂമിയുള്ളവരാണധികവും. ഇത്തവണത്തെ പുഞ്ചകൃഷിക്കു വൈകി കൃഷിയിറക്കേണ്ടിവന്നതിനാൽ മനുരത്ന എന്നയിനം വിത്താണ് വിതച്ചിട്ടുള്ളത്.
ഇച്ഛാശക്തിയുള്ള ഒരു പാടശേഖരസമിതിയും ഒപ്പം നിൽക്കുന്ന കർഷകരുമാണ് ഈ വിജയത്തിനു കാരണം. ദീർഘകാലമായി സമിതിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പി എ തോമസ് ഒരു പ്രകൃതിസ്നേഹികൂടിയാണ്. കീടനാശിനിയെ അകറ്റിനിർത്താമെന്ന നിർദേശത്തെ ആദ്യമൊക്കെ മറ്റുകർഷകർ ആശങ്കയോടെ കണ്ടെങ്കിലും ഒടുവിൽ അംഗീകരിച്ചു. വിളവെടുത്തപ്പോൾ ഇതിനു ഫലവും കണ്ടു. പിന്നീടങ്ങോട്ട് കീടനാശിനിക്കൊപ്പം ശത്രുകീടങ്ങളെയും പാടത്തു നിന്നകറ്റിനിർത്താൻ ഇവർക്കായി. കീടനാശിനി പ്രയോഗം വേണ്ടെന്നുവച്ചതോടെ നേട്ടങ്ങൾ പലതുണ്ടായി. കൃഷിച്ചെവിൽ വലിയ കുറവുണ്ടായി. കൃഷിക്കൊപ്പം പ്രകൃതിയെയും മിത്രകീടങ്ങളെയും സംരക്ഷിക്കാനായി. രാസവളത്തിന്റെ ഉപയോഗത്തിലും നിയന്ത്രണം വന്നു.
മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രം വളങ്ങൾ നൽകുന്ന രീതി സ്വീകരിച്ചു. ഇതിനു പുറമേ വർഷങ്ങളായി യന്ത്രവിതയും നടത്തുന്നു. മറ്റുപാടങ്ങളിൽ ഏക്കറൊന്നിനു 50 കിലോ വരെ വിത്തുപയോഗിക്കുമ്പോൾ ഇവിടത്തെ കർഷകർക്കു 20 കിലോ വിത്തു മതിയാകും. ഇതൊക്കെയാണെങ്കിലും വിളവെടുപ്പു കഴിയുമ്പോൾ മറ്റു പാടശേഖരങ്ങളേക്കാളെല്ലാം വിളവു ലഭിക്കുന്നുവെന്നതാണ് ഏറ്റവും കൗതുകകരം. ഏക്കറൊന്നിനു 26 മുതൽ 30 ക്വിൻറൽ വരെയാണ് ലഭിക്കുന്ന ശരാശരി വിളവ്. മറ്റുള്ള പാടങ്ങളിൽനിന്നു വ്യത്യസ്തമായി പരീക്ഷണത്തിനു തയാറാകാൻ തങ്ങൾക്കു ശക്തി നൽകിയത് കൃഷി വിജ്ഞാനകേന്ദ്രവും മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രവുമാണെന്നു കർഷകർ പറയുന്നു.
യഥാസമയങ്ങളിൽ പാടശേഖരങ്ങളിലെത്തി ആവശ്യമായ നിർദേശങ്ങളുമായി ഇവർ ഒപ്പമുണ്ട്. കീടങ്ങളുടെ സാന്നിധ്യമുണ്ടായാൽ അവയെ പ്രതിരോധിക്കാൻ മിത്രകീടങ്ങളെ ഉപയോഗിക്കാൻ കീടനിരീക്ഷണകേന്ദ്രം അധികൃതർ കർഷകരെ സഹായിക്കുന്നു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കാലാവസ്ഥാധിഷ്ഠിത കൃഷിസമ്പ്രദായങ്ങളുടെ ദേശീയ പദ്ധതിയിൽ കഴിഞ്ഞ ഏഴുവർഷമായി പാടശേഖരം പങ്കാളിയായി തുടരുന്നു. ഇത്തവണത്തെ മൂന്നാം വളപ്രയോഗം ഡ്രോൺ ഉപയോഗിച്ചാണ് നടത്തിയത്. ഇതിനു പുറമേ മുട്ടാർ കൃഷിഭവൻ, രാമങ്കരി എഡിഎ എന്നിവരും കർഷകർക്കു പൂർണ പിൻതുണ നൽകുന്നുണ്ടെന്ന് കർഷകർ പറയുന്നു.