Site iconSite icon Janayugom Online

നെല്ല് സംഭരണം; കര്‍ഷകര്‍ക്ക് 1854 കോടി നല്‍കി

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വിലയായി നല്‍കാനുള്ള 216 കോടി രൂപ ഉടൻ കര്‍ഷകരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും വിതരണം പുരോഗമിക്കുകയാണെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

2022–23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തു. 2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകി.
2018 മുതൽ 2022വരെ നെല്ല് സംഭരണ വിഹിതമായി 637.6 കോടി രൂപ കേന്ദ്രത്തിൽ നിന്നും ഇനിയും ലഭിക്കാനുണ്ട്. വിവിധ ഘട്ടങ്ങളിലായി ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ല. ആറിന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി കേരളത്തിലെത്തുന്നുണ്ടെന്നും ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിനായി ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാൽ പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായി.
എസ്ബിഐ, കനാറ ബാങ്ക്, ഫെഡറൽ ബാങ്ക് കൺസോർഷ്യം വഴി ആദ്യം700 കോടി രൂപ നൽകാനായിരുന്നു ധാരണ. എന്നാൽ ഓണത്തിന് മുമ്പ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്നതിൽ ബാങ്കുകൾ വീഴ്ചവരുത്തി. 12 കോടി രൂപയാണ് എസ്ബിഐ നൽകാനുള്ളത്. കനാറ ബാങ്ക് ഏഴ് കോടിയും ഫെഡറൽ ബാങ്ക് ആറ് കോടിയും നൽകാനുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 24ന് ഒപ്പുവച്ച കരാർ പ്രകാരം എസ്ബിഐ ഓഗസ്റ്റ് 30 വരെ 465 കർഷകർക്കായി 3.04 കോടി രൂപയാണ് നൽകിയത്. കനാറ ബാങ്ക് 4000 കർഷകർക്കായി 38.32 കോടി രൂപ (24ന് മാത്രം) നൽകി. പിആർഎസ് ലോണായി നൽകുന്ന തുകയിൽ ഒരു രൂപയുടെ പോലും ബാധ്യത കർഷകന് ഉണ്ടാകുന്നില്ല. ഈ വായ്പയുടെ മുഴുവൻ പലിശയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസൺ മുതൽ കർഷകർക്ക് പരമാവധി വേഗത്തിൽ പണം നൽകുന്നതിനായി കേരള ബാങ്കുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ചില ഇടങ്ങളിൽ പാടശേഖരസമിതികളും കാലതാമസം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം അടുത്ത സീസണിൽ പരിഹരിക്കും. 

പ്രതിപക്ഷം സ്വയം പരാജയപ്പെടുന്നു

വ്യാജപ്രചരണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷം സ്വയം പരാജയപ്പെടുന്ന അവസ്ഥയാണെന്ന് മന്ത്രി ജി ആര്‍ അനില്‍. കേന്ദ്രത്തിന് മലയാളികളോട് താല്‍പര്യമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കേരളത്തിന് ഒരു കിലോ അരി പോലും നല്‍കാന്‍ തയ്യാറാകാത്തതെന്നും സംസ്ഥാനത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്രം വിളിച്ച ഒരു പരിപാടിയിലും കേരളം പങ്കെടുക്കാതിരുന്നിട്ടില്ല. ഒരു വീഴ്ചയും സംസ്ഥാനം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതൊന്നും കര്‍ഷകരെയോ പൊതുജനങ്ങളെയോ ബാധിക്കാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Pad­dy pro­cure­ment; 1854 crore was giv­en to the farmers

You may also like this video

Exit mobile version