Site icon Janayugom Online

നെല്ല് സംഭരണം: 400 കോടി നൽകാൻ ധാരണ

paddy

2022–23 സീസണിൽ കർഷകരുടെ പക്കൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിക്കാൻ ബാങ്കിങ് കൺസോർഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 

2023 മാർച്ച് 28 വരെ സംഭരിച്ച നെല്ലിന്റെ തുക പൂർണമായും കൊടുത്തു തീർത്തിരുന്നു. നിലവിൽ മേയ് 15 വരെ പിആർഎസ് നല്കിയ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്തുവരികയാണ്. മേയ് 15ന് ശേഷം ശേഖരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനാവശ്യമായ 400 കോടി രൂപ കൂടി അനുവദിക്കുന്നതിന് എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടുന്ന ബാങ്കിങ് കൺസോർഷ്യവുമായി നടത്തിയ ചർച്ചകളിൽ അനുകൂല തീരുമാനമായി. ഇത് സംബന്ധിച്ച് ബാങ്കിങ് കൺസോർഷ്യവുമായി ഇന്ന് ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. 

2022–23 സീസണിൽ 2,49,224 കർഷകരിൽ നിന്നും 7.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരിച്ച നെല്ലിന്റെ വിലയായി 2060 കോടി രൂപയാണ് കർഷകർക്ക് നല്കേണ്ടത്. പ്രസ്തുത തുകയിൽ 2023 മാർച്ച് 31 വരെ പേ ഓർഡർ നല്കിയ കർഷകർക്ക് 740.38 കോടി രൂപ നേരിട്ടും 194.19 കോടി രൂപ കേരളാ ബാങ്ക് വഴി പിആർഎസ് വായ്പയായും നല്കിയിരുന്നു. മാർച്ച് 29 മുതൽ മേയ് 15 വരെ പേ ഓർഡർ നല്കിയ കർഷകർക്ക് ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് എടുത്തിട്ടുള്ള 700 കോടി രൂപ വായ്പയിൽ നിന്ന് നാളിതുവരെ 55,716 കർഷകർക്കായി 588.26 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 700 കോടി രൂപ ഉൾപ്പെടെ വിതരണം ചെയ്തു കഴിയുമ്പോൾ 1634.57 കോടി രൂപ കർഷകർക്ക് ലഭിക്കും. 

ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ തുക പൂർണമായും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ വിതരണം ചെയ്യുന്നതിനാണ് ഇന്നലെ ബാങ്കിങ് കൺസോർഷ്യവുമായി നടന്ന ചർച്ചയിൽ ധാരണയായത്. ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഇന്നുതന്നെ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ സപ്ലൈകോ സിഎംഡിക്ക് നിർദേശം നല്കിയതായും അദ്ദേഹം വ്യക്തമാക്കി. 

Eng­lish Sum­ma­ry: Pad­dy pro­cure­ment; Agreed to pay Rs 400 crore

You may also like this video

Exit mobile version