2017–18 മുതൽ 2023–24 വരെയുള്ള കാലയളവിലെ നെല്ല് സംഭരണം, ട്രാൻസ്പോർട്ടേഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്തിന് ലഭിക്കാനുള്ള 900 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനില്‍ കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്രയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചോപ്ര ഉറപ്പുനല്‍കി.
65 വയസും അതിൽ കൂടുതലുമുള്ള വൃദ്ധരായ ആളുകൾക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന അന്നപൂര്‍ണ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക പെൻഷൻ വാങ്ങാത്ത, 65 വയസ് കഴിഞ്ഞ ഗുണഭോക്താക്കളെ കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാൽ പദ്ധതിയിൽ സംസ്ഥാനത്ത് ആവശ്യമായ ഗുണഭോക്താക്കളെ കണ്ടെത്താനാകുന്നില്ല. ഇക്കാരണത്താൽ പദ്ധതിക്കായി വകയിരുത്തിയ ഭക്ഷ്യധാന്യങ്ങൾക്കുള്ള തുക ചെലവിടാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ, അന്നപൂർണ പദ്ധതി കേരളത്തിന് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തി നടപ്പാക്കാൻ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കുറച്ചുമാസങ്ങളായി കർഷകരിൽ നിന്ന് സംഭരിച്ച നെല്ല് അരിയാക്കി റേഷൻ കടകൾ വഴി കുറഞ്ഞ അളവില്‍ വിതരണം ചെയ്യാനാണ് കൺട്രോളർ ഓഫ് റേഷനിങ് അനുമതി നൽകിയിട്ടുള്ളത്. അതിനാൽ മില്ലുകളിൽ കുത്തരി കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഈ പ്രക്രിയ പൂർത്തിയാക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈമാസം 30 വരെ കാലാവധി നീട്ടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സെക്രട്ടറി അറിയിച്ചു.
2022–23 വർഷത്തെ റേഷൻ വിതരണം സംബന്ധിച്ച ഡാറ്റയിലെ പൊരുത്തക്കേട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുമായി ചർച്ച ചെയ്തു. സംസ്ഥാന പോർട്ടലിലെ ഡാറ്റ കേന്ദ്ര സർക്കാരിന്റെ അന്നവിത്രാൻ പോർട്ടലുമായി പൊരുത്തപ്പെടുന്നുവെങ്കിലും സെൻട്രൽ ഡപ്പോസിറ്ററിയിലെ (ഐഎംപിഡിഎസ് പോർട്ടൽ) ഡാറ്റയുമായി പൊരുത്തപ്പെടുന്നില്ല. ഇതിന് കാരണം കേന്ദ്രത്തിന് കീഴിലുള്ള കേരള ഹൈദരാബാദ് എൻഐസി ടീമുകളുടെ സാങ്കേതിക പിഴവും ഡാറ്റ കൈമാറുന്നതിലെ കാലതാമസവുമാണ്. ഈയിനത്തില്‍ കേന്ദ്രത്തില്‍ നിന്ന് 221.52 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു. എഫ്‍സിഐ എക്സിക്യൂട്ടീവ് ഡയറക്ടർ (സൗത്ത്) ജെസിന്ത ലസാറസ്, ജനറല്‍ മാനേജര്‍ സി പി സഹാറൻ, സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ ചെയർമാൻ ശ്രീറാം വെങ്കിട്ടരാമൻ, കമ്മിഷണർ മുകുന്ദ് ഠാക്കൂർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.