Site iconSite icon Janayugom Online

പത്മപ്രഭാ പുരസ്ക്കാരം ആലങ്കോട് ലീലാകൃഷ്ണന്

ഈ വർഷത്തെ പത്മപ്രഭാ സാഹിത്യ പുരസ്ക്കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവി വി മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി ഇളയിടം, നോവലിസ്റ്റ് ആർ രാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്ക്കാര നിർണയ സമിതിയാണ് ലീലാകൃഷ്ണനെ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്തതെന്ന് പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാൻ എം വി ശ്രേയാംസ് കുമാർ അറിയിച്ചു. എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലുപതിച്ച ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. പ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകൻ എം പി വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യസമ്മാനമാണിത്. 

സുഗതകുമാരി പത്രാധിപരായിരിക്കേ തളിർ മാസികയിൽ തന്റെ പതിനൊന്നാം വയസിൽ കവിത പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണൻ കാവ്യലോകത്ത് പ്രവേശിച്ചത്. എഴുത്തിൽ അരനൂറ്റാണ്ടിന്റെ വിപുലമായ അനുഭവ പരിചയങ്ങളുള്ള ആലങ്കോട് തിരക്കഥാകൃത്തായും പ്രഭാഷകനായും സാംസ്ക്കാരിക പ്രവർത്തകനായും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. നിലാസാധകം, ആലങ്കോടിന്റെ കവിതകൾ തുടങ്ങിയ കവിതാ സമാഹാരങ്ങൾ കൂടാതെ നിളയുടെ തീരങ്ങളിലൂടെ, പി യുടെ പ്രണയപാപങ്ങൾ, മനുഷ്യനെ തൊടുന്ന വാക്ക്, മനുഷ്യൻ സുന്ദരനാണ്, സഞ്ചാരിയുടെ വഴിയമ്പലങ്ങൾ തുടങ്ങിയ പഠനഗ്രന്ഥങ്ങളും ലീലാകൃഷ്ണന്റേതായിട്ടുണ്ട്. പൊന്നാനിയിലെ ആലങ്കോട് ഗ്രാമത്തിൽ ബാലകൃഷ്ണൻ നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച ഇദ്ദേഹം സൗത്ത് മലബാർ ഗ്രാമീണബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.

Exit mobile version