Site iconSite icon Janayugom Online

പഹൽഗാം: അപലപിച്ച് യുഎൻ രക്ഷാസമിതി

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎൻ രക്ഷാസമിതി. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഈ ഹീനമായ ഭീകരകൃത്യത്തിന്റെ സംഘാടകരെയും സ്പോൺസർമാരെയും നീതിപീഠത്തിൽ എത്തിക്കണമെന്നും സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദങ്ങളും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണികളാണ്. ഏതൊരു ഭീകരവാദ പ്രവർത്തനവും, അതിന്റെ പ്രചോദനം എന്തായിരുന്നാലും, എവിടെ നടന്നാലും, എപ്പോൾ നടന്നാലും, ആര് ചെയ്താലും അത് ക്രിമിനൽ കുറ്റവും ന്യായീകരിക്കാനാവാത്തതുമാണെന്നും രക്ഷാസമിതി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമത്തിനും, ബന്ധപ്പെട്ട രക്ഷാസമിതി പ്രമേയങ്ങൾക്കും അനുസൃതമായി, ഈ വിഷയത്തിൽ എല്ലാ ബന്ധപ്പെട്ട അധികാരികളുമായി സജീവമായി സഹകരിക്കാൻ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ മാസത്തിൽ ഫ്രാൻസാണ് രക്ഷാസമിതിയുടെ അധ്യക്ഷൻ. ഫ്രാൻസിന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡർ ജെറോം ബോണാഫോണ്ടാണ് പ്രസ്താവന പുറത്തിറക്കിയത്. പാകിസ്ഥാൻ നിലവിൽ യുഎൻ രക്ഷാസമിതിയിൽ താൽക്കാലിക അംഗമാണ്.

Exit mobile version