പാര്‍ലമെന്റില്‍ പഹല്‍ഗാം-ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ഇന്ന് മുതല്‍. ഭരണപക്ഷത്തിന്റെ കടുംപിടിത്തത്തെ തുടര്‍ന്ന് ഒരാഴ്ച നീണ്ടുനിന്ന പ്രതിപക്ഷ പ്രതിഷേധത്തിനും സഭാ സ്തംഭനത്തിനും പിന്നാലെ നടക്കുന്ന ചര്‍ച്ചയിലേക്ക് രാജ്യം ഉറ്റുനോക്കുന്നു. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിലും സൈനിക നടപടിയിലും പ്രതിപക്ഷത്തിന്റെയും രാജ്യത്തിന്റെയും ചോദ്യങ്ങള്‍ക്ക് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഉത്തരം നല്‍കിയിരുന്നില്ല. ഇരു വിഷയങ്ങളിലും മൗനം പാലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി വ്യാപക വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. തുടര്‍ന്നാണ് രണ്ട് വിഷയങ്ങളും സഭ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.
ഭീകരാക്രമണത്തിലും ഓപ്പറേഷന്‍ സിന്ദൂറിലും ഇഴകീറിയുള്ള ചര്‍ച്ചയും വിശദീകരണവുമാണ് പ്രതിപക്ഷം ഉന്നം വയ്ക്കുന്നത്.
രാജ്യവും ജനങ്ങളും പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും മറുപടിക്കായി കാതോര്‍ത്തിരിക്കെ ഭരണപക്ഷ വീഴ്ചകളെ തുറന്ന് കാട്ടാനാകും ചര്‍ച്ചയിലൂടെ പ്രതിപക്ഷം നീക്കം നടത്തുക. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണവും സഭയെ പ്രക്ഷുബ്ദമാക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ വരുത്തിയ മാറ്റം വഴി ലക്ഷക്കണക്കിന് സമ്മതിദായര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം പ്രതിപക്ഷം ഉന്നയിക്കും.
ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദവും പ്രതിപക്ഷം ഭരണപക്ഷത്തെ അടിക്കാന്‍ ആയുധമാക്കും. ട്രംപ് 26 തവണയാണ് ഇന്ത്യ‑പാക് യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന അര്‍ത്ഥഗര്‍ഭമായ മൗനം പ്രതിപക്ഷം ചോദ്യം ചെയ്യും. ഇന്ത്യയുടെ വിദേശ നയം യുഎസിന് അടിയറ വച്ച മോഡി സര്‍ക്കാരിന്റെ നിലപാടും സഭയില്‍ തീപ്പൊരി സൃഷ്ടിക്കും.

