പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെ ബുധനാഴ്ച സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി വീണ്ടും യോഗം ചേരുന്നു.സാമ്പത്തിക കാര്യങ്ങള്‍ക്കും, രാഷട്രീയകാര്യങ്ങള്‍ക്കുമുള്ള മന്ത്രിസഭാ സമിതിയും യോഗം ചേര്‍ന്നിരുന്നു. പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരെ ജീവനോടെ പിടികൂടാൻ സൈന്യത്തിന് സർക്കാർ നിർദേശം നൽകി. കൂട്ടക്കൊലയ്‌ക്കു പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കുന്നതിനും പാക് പങ്ക് തെളിയിക്കുന്നതിനുമാണിത്.
പ്രാദേശികതലത്തിൽ ഭീകരർക്ക് പിന്തുണ നൽകിയവരെ ഇല്ലാതാക്കാനുള്ള നിർദേശവുമുണ്ട്. എത്ര ഭീകരരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തിൽ സുരക്ഷാ ഏജൻസികൾ ആശയക്കുഴപ്പത്തിലാണ്. അതേസമയം, എപ്പോൾ വേണമെങ്കിലും ഇന്ത്യൻ ആക്രമണമുണ്ടാകാമെന്ന ആശങ്കയിൽ പാകിസ്ഥാനും ഒരുക്കങ്ങൾ നടത്തുകയാണ്. ഇസ്ലാമാബാദ് റാവൽപിണ്ടി നഗരങ്ങളിലും പാക് അധീന കശ്‌മീരിലും എഫ്–-16 യുദ്ധവിമാനങ്ങൾ വിന്യസിച്ചു. ജിൽജിത്തിലേക്കും സ്‌കർദുവിലേക്കുമുള്ള വിമാനം പാകിസ്ഥാൻ എയർലൈൻസ് റദ്ദാക്കി.
പഹൽഗാം ഭീകരാക്രമണ വീഴ്‌ചയ്‌ക്ക് പിന്നാലെ ബിജെപി സർക്കാർ ദേശീയ സുരക്ഷാ ഉപദേശക ബോർഡ് അഴിച്ചുപണിതു. ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് സർവകക്ഷിയോഗത്തിലും സർക്കാർ അറിയിച്ചിരുന്നു. ഇന്റലിജൻസ് വീഴ്‌ചയിൽ രാജ്യത്ത് വിമർശനം ശക്തമാകുന്നതിനിടെയാണ് അഴിച്ചുപണി. എന്നാൽ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെ മാറ്റിയിട്ടില്ല.മുൻ റോ മേധാവി ആലോക് ജോഷിയെ ചെയർമാനായി നിയമിച്ചു. മുൻ എയർമാർഷൽ പി എം സിൻഹ, മുൻ ലഫ്റ്റനന്റ് ജനറൽ എ കെ സിൻഹ, റിയൽ അഡ്‌മിറലായിരുന്ന മോണ്ടി ഖന്ന എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തി. മുൻ ഐപിഎസുകാരായ രാജീവ് രഞ്ജൻ വർമയും മൻമോഹൻ സിങ്ങും മുൻ ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ ബി വെങ്കടേഷ് വർമയും ബോർഡിലുണ്ട്.

