Site iconSite icon Janayugom Online

പഹൽഗാം ഭീകരാക്രമണം: കൂട്ടക്കൊല നടത്തിയ ഭീകരവാദികളുടെ സഹായി കൂടി പിടിയിൽ, ഓപ്പറേഷൻ മഹാദേവ് തുടർന്ന് സുരക്ഷാ സേന

രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിനിടെ കൂട്ടക്കൊല നടത്തിയ ഭീകരവാദികളെ സഹായിച്ച വ്യക്തിയെ ജമ്മു കശ്മീർ പൊലീസ് പിടികൂടി. ഭീകരാക്രമണം നടത്തിയവരെ പിടികൂടാൻ നടത്തിയ ഓപ്പറേഷൻ മഹാദേവിന് ശേഷം സുരക്ഷാ സേന നടത്തിയ നിർണായകമായ നീക്കത്തിലാണ് സഹായിയായ മുഹമ്മദ് കത്താരിയയെ കൂടി പിടികൂടിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിനെത്തിയ ഭീകരവാദികൾക്ക് സാധനങ്ങൾ എത്തിച്ചു നൽകിയതിനാണ് കത്താരിയയെ പിടികൂടിയത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളെ കണ്ടെത്താൻ ജൂലൈ 28ന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ മഹാദേവിൽ രണ്ട് ഭീകരരെ പിടികൂടി വധിച്ചിരുന്നു. സുലൈമാൻ ഷാ, ഹാഷിം മൂസ എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ഇവരിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫൊറൻസിക് വിശകലനത്തിന് ശേഷമാണ് മുഹമ്മദ് കത്താരിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ കേന്ദ്രമായ പ്രവർത്തിക്കുന്ന ലഷ്‌കർ ഭീകരരായിരുന്നു പഹൽഗാം ആക്രമണത്തിന് പിന്നിൽ. പിടിയിലായ മുഹമദ് കത്താരിയ സുലൈമാൻ ഷായുടെ അടുത്ത അനുയായി ആയിരുന്നുവെന്നാണ് സൂചന.

Exit mobile version