സമുദ്രാതിർത്തി ലംഘിച്ച പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ തീരസംരക്ഷണ സേന പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ വെച്ചാണ് പാക് ബോട്ട് പിടികൂടിയതെന്ന് ഗുജറാത്ത് ഡിഫൻസ് പിആർഒ വിങ് കമാൻഡർ അഭിഷേക് കുമാർ തിവാരി ‘എക്സി‘ലൂടെ അറിയിച്ചു.
കസ്റ്റഡിയിലെടുത്ത പാകിസ്ഥാൻ ബോട്ടും 11 ജീവനക്കാരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനും നിയമനടപടികൾക്കുമായി ഗുജറാത്തിലെ ജഖാവു മറൈൻ പൊലീസിന് കൈമാറി. കസ്റ്റഡിയിലെടുത്തവരുടെ ലക്ഷ്യം എന്തായിരുന്നു, ബോട്ടിൽ നിരോധിത വസ്തുക്കൾ എന്തെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കും. ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് പാക് ബോട്ടുകൾ എത്തുന്നത് പതിവായതിനെ തുടർന്ന് ഈ മേഖലകളിൽ തീരസംരക്ഷണ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി; 11 ജീവനക്കാർ കസ്റ്റഡിയിൽ

