വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനമെന്നും ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തൽ എവിടെയെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. വെടിനിർത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യങ്ങൾ പുറത്ത് വിട്ടു.
പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തിയെന്നാണ് സൂചന. ലാൽചൗക്കിൽ ആകാശത്ത് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടിയെന്നും വിവരമുണ്ട്. ജമ്മു കശ്മീരിലെ ശ്രീനഗർ, ഉദ്ദംപൂർ, രാജസ്ഥാനിലെ ബാർമറിലും ഇന്നലെ പാക് ഡ്രോൺ പതിച്ച ഫിറോസ്‌പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. പഞ്ചാബിലെ ഹോഷിയാർപൂർ, പത്താൻകോട്ട് എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദേശം നൽകി. ജമ്മുവിലെ രജൗരി, അഖ്‌നൂർ, തുടങ്ങിയ മേഖലകളിൽ ബിഎസ്എഫിന്റെ പോസ്റ്റുകൾക്ക് നേരെയും വെടിവയ്പ്പുണ്ടാകുന്നുണ്ട്. അതിർത്തി കടന്ന് ഡ്രോണുകൾ വന്നിട്ടില്ലെന്നും എന്നാൽ അതിർത്തിയിലേക്ക് പാക് ഡ്രോണുകളെത്തിയെന്നുമാണ് പ്രതിരോധ സേനാ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

