തുടര്‍ച്ചയായി എട്ടാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. സാംബ, കത്‌വ, ജമ്മു, പൂഞ്ച്, രജൗരി എന്നീ അഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലുമാണ് പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ഇന്ത്യൻ സൈനികര്‍ ശക്തമായ രീതിയില്‍ തിരിച്ചടിച്ചു. വെടിവയ്പ് മൂലം നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലും താമസിക്കുന്ന സാധാരണക്കാരില്‍ ചിലര്‍ താമസം മാറി. മറ്റു ചിലര്‍ സുരക്ഷയ്‌ക്കായി ബങ്കറുകള്‍ വൃത്തിയാക്കല്‍ ആരംഭിച്ചു. 2017ൽ 14,460 വ്യക്തിഗത, കമ്മ്യൂണിറ്റി ബങ്കറുകളുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. അതേസമയം, അഞ്ച് ജില്ലകളിലായി 8,600-ലധികം കമ്മ്യൂണിറ്റി, വ്യക്തിഗത ബങ്കറുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം വ്യോമ, നാവിക സേനകള്‍ യുദ്ധാഭ്യാസം തുടരുകയാണ്. അറബിക്കടലില്‍ നാവികസേനയുടെ സൈനിക അഭ്യാസം ഇന്നും തുടരും. വ്യോമസേന ഇന്നലെ ഉത്തര്‍പ്രദേശിലെ ഷാജഹാൻപൂരിലെ ഗംഗാ എക്സ്പ്രസ് വേയിൽ വ്യോമസേന ലാൻഡിങ് പരിശീലനങ്ങൾ ആരംഭിച്ചു. റാഫാൽ, എസ്‌യു-30 എംകെഐ, മിറാജ്-2000, ജാഗ്വാര്‍, സൂപ്പര്‍ ഹെര്‍കുലീസ് എന്നിവയുള്‍പ്പെടെ വ്യോമസേനയുടെ വിവിധ വിമാനങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു. അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും കൂടുതല്‍ പടക്കോപ്പുകള്‍ എത്തിച്ച് കരസേനയും ഒരുങ്ങുകയാണ്.

