Site iconSite icon Janayugom Online

ഭീകരകേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ പുനര്‍നിര്‍മ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത ഭീകര താവളങ്ങളും പരിശീലന കേന്ദ്രങ്ങളും സർക്കാർ ചെലവിൽ പുനർനിർമ്മിക്കാനൊരുങ്ങി പാകിസ്ഥാൻ. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തകർന്ന ഭീകര താവളങ്ങൾ പുനർനിർമ്മിക്കാൻ സർക്കാര്‍ പിന്തുണയിൽ പാകിസ്ഥാൻ സൈന്യത്തിന്റെയും ചാര ഏജൻസിയായ ഐഎസ്‌ഐയുടെയും ഏകോപിത ശ്രമങ്ങൾ നടക്കുന്നതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറയുന്നത്. നിയന്ത്രണ രേഖയിലെ (എല്‍ഒസി) ഇടതൂര്‍ന്ന വനപ്രദേശങ്ങളില്‍ ചെറുതും ഹൈടെക് രീതിയിലുമുള്ള നിരവധി ഭീകരകേന്ദ്രങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷ് ഇ- മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് തുടങ്ങിയ ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ നശിപ്പിച്ചിരുന്നു. ലൂണി, പുത്വാള്‍, ടിപ്പു പോസ്റ്റ്, ജാമില്‍ പോസ്റ്റ്, ഉമ്രാന്‍വാലി, ചപ്രാര്‍ ഫോര്‍വേഡ്, ഛോട്ടാ ചാക്ക്, ജംഗ്ലോറ പ്രദേശങ്ങളില്‍ മുമ്പ് നശിപ്പിക്കപ്പെട്ട ക്യാമ്പുകളും പുനര്‍നിര്‍മ്മിക്കുന്നുണ്ട്. തെര്‍മല്‍, റഡാര്‍, സാറ്റലൈറ്റ് സിഗ്നേച്ചറുകള്‍ മറയ്ക്കുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പുനര്‍നിര്‍മ്മാണം നടക്കുന്നതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. കെല്‍, സര്‍ദി, ദുധ്‍നിയാല്‍, ആത്മുഖം, ജൂറ, ലിപ, പച്ചിബാന്‍, കഹുത, കോട്ലി, ഖുയിരട്ട, മന്ധര്‍, നികൈല്‍, ചാമന്‍കോട്ട്, ജാന്‍കോട്ട് എന്നിവിടങ്ങളില്‍ പുതിയ ഭീകരകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ദുര്‍ഘടമായ ഭൂപ്രകൃതിയും ഉള്‍ക്കാടുകളും കാരണം ഇവിടങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് അനുയോജ്യമാണ്. ഡ്രോണ്‍, ഉപഗ്രഹനിരീക്ഷണം എന്നിവയില്‍ നിന്ന് രക്ഷപ്പെടാനും ഈ പ്രദേശത്തെ സവിശേഷ സാഹചര്യം അനുകൂലമാണ്. 

വലിയ ഭീകരക്യാമ്പുകളെ ചെറിയ ചെറിയ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിയാണ് ഐഎസ്ഐ നടപ്പാക്കുന്നതെന്നാണ് സൂചന. ഓരോന്നിലും 200ല്‍ താഴെ ആയിരിക്കും അംഗബലം. ഇന്ത്യന്‍ വ്യോമാക്രമണമുണ്ടായാല്‍ വലിയ തോതില്‍ ആള്‍നാശം ഉണ്ടാകാതിരിക്കാനാണിത്. ക്യാമ്പുകളില്‍ ഓരോന്നിലും പാകിസ്ഥാന്‍ ആര്‍മി യൂണിറ്റില്‍ നിന്ന് പ്രത്യേകം പരിശീലനം കിട്ടിയ ഗാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന തെര്‍മല്‍ സെന്‍സറുകള്‍, ലോ-ഫ്രീക്വന്‍സി റഡാര്‍ സംവിധാനങ്ങള്‍, ഡ്രോണ്‍ പ്രതിരോധ കവചം തുടങ്ങി നവീന നിരീക്ഷണ ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിട്ടുണ്ട്. ഐഎസ്ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അടുത്തിടെ ബഹാവല്‍പൂരില്‍ ജെയ്ഷെ, ലഷ്കര്‍, ഹിസ്ബുള്‍ മുജാഹിദീന്‍, ടിആര്‍എഫ് എന്നിവയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ യോഗം നടന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലെ പ്രധാന ആക്രമണ കേന്ദ്രമായിരുന്നു ബഹവല്‍പൂര്‍. ജെയ്ഷ് ഇ മുഹമ്മദിന്റെ ആസ്ഥാനം ഈ നഗരമാണ്. ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് പാകിസ്ഥാന് ലഭിക്കുന്ന അന്താരാഷ്ട്ര ധനസഹായത്തിന്റെ ഒരു ഭാഗം ഈ ഭീകരക്യാമ്പുകളുടെ പുനര്‍നിര്‍മ്മാണത്തിന് വകമാറ്റുന്നതായി വൃത്തങ്ങള്‍ പറയുന്നു.
പാകിസ്ഥാനിലും കശ്മീരിലും കമാന്‍ഡ് ശൃംഖലകള്‍ പുനഃസ്ഥാപിക്കുക, വിഭവങ്ങള്‍ പുനഃക്രമീകരിക്കുക, ഭീകര റിക്രൂട്ട്മെന്റ് നടത്തുക എന്നിവയായിരുന്നു യോഗത്തിലെ ചര്‍ച്ചയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതോടൊപ്പം ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടിയുള്ള അനുശോചന സമ്മേളനവും ചേര്‍ന്നു. ബഹവല്‍പൂരിലെ രക്തസാക്ഷികള്‍ തുടങ്ങിയ വാചകങ്ങളുള്ള പോസ്റ്ററുകള്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version