ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. കശ്മീര്‍ പാകിസ്ഥാന്റെ മഹാധമനിയാണെന്നും മുനീര്‍ പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിനിടെ ഫ്ലോറിഡയില്‍ പാക് വംശജരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മുനീറിന്റെ പരാമര്‍ശങ്ങള്‍. ഇന്ത്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടതില്‍ പാകിസ്ഥാന് എപ്പോഴും നന്ദിയുണ്ടായിരിക്കുമെന്നും മുനീര്‍ പറഞ്ഞു. പാകിസ്ഥാന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നും മുനീര്‍ ഭീഷണി ഉയര്‍ത്തി. ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകുമെന്നും മുനീര്‍ പ്രസ്താവന നടത്തി. സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീര്‍ ഭീഷണി മുഴക്കി. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍, നിർമാണം പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കും.
സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീര്‍ പറഞ്ഞു. ‘ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ല’, അസിം മുനീര്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ ഭീഷണി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുനീര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. ഫെരാരി പോലെ ഹൈവേയിലൂടെ വരുന്ന ഒരു മെഴ്‌സിഡസാണ് ഇന്ത്യയെന്നും എന്നാല്‍, പാകിസ്ഥാന്‍ ഒരു ചരല്‍ നിറച്ച പറഞ്ഞ മുനീര്‍, ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആരാണ് തകര്‍ക്കപ്പെടുകയെന്നും ചോദിച്ചു. കാനഡയിലെ സിഖ് നേതാവിന്റെ കൊലപാതകവും ഖത്തറില്‍ എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതും കുല്‍ഭൂഷണ്‍ യാദവ് കേസുമെല്ലാം പ്രസംഗത്തിനിടെ എടുത്തുപറഞ്ഞ മുനീര്‍, ഇന്ത്യ തീവ്രവാദത്തില്‍ പങ്കാളിയാണെന്നും ആരോപിച്ചു. ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്നും മുനീര്‍ അഭിപ്രായപ്പെട്ടു.

