ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കയാണെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി-പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സര്‍ദാരിയുടെ പരാമര്‍ശം. യുദ്ധമുഖത്തുനിന്ന് പിന്മാറി അര്‍ത്ഥവത്തായ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് സര്‍ദാരി പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്ക് ചർച്ചകൾ മാത്രമാണ് ഏക പോംവഴിയെന്നും സമാധാനത്തിന്റെ വക്താവ് എന്ന നിലയിൽ താൻ യുദ്ധം ശുപാർശ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഹൈഡ്രോ ടെററിസം (ജല ഭീകരവാദം) എന്നാണ് സർദാരി വിശേഷിപ്പിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ജലപ്രവാഹത്തെ ഇന്ത്യ ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പാകിസ്താൻ നയതന്ത്രപരവും ധാർമികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും കശ്മീർ പ്രശ്നം പരിഹരിക്കാതെ ദക്ഷിണേഷ്യയിൽ ശാശ്വത സമാധാനം അസാധ്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.

