Site iconSite icon Janayugom Online

പാകിസ്ഥാന്‍ പ്രകോപനം: ജാഗ്രതയോടെ ഇന്ത്യ

ഇന്ത്യയുടെ ആവര്‍ത്തിച്ചുളള മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിനോടുള്ള പ്രതികാരമെന്നോണം ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍ എന്നിവിടങ്ങളിലെ, തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാകിസ്താന്‍ അയച്ച മൂന്ന് യുദ്ധവിമാനങ്ങളും അന്‍പതോളം ഡ്രോണുകളും പത്തോളം മിസൈലുകളും ഇന്ത്യന്‍ സേന സംയോജിത ആളില്ലാ എയര്‍ഗ്രിഡ് സംവിധാനമുപയോഗിച്ച് നിര്‍വീര്യമാക്കി. ഈ സാഹചര്യത്തിൽ അർദ്ധരാത്രി മുതൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്.

പ്രതിരോധ മന്ത്രി കര, വ്യോമ, നാവിക സേനകളുടെ മേധാവികളുമായി ചർച്ച നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച വാർത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിൽ പാക് നിരന്തരം വെടിനിർത്തൽ കരാർ ലംഘിച്ചതായി സൈന്യം അറിയിച്ചു. അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ത്യ കനത്ത ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബിലും രാജസ്ഥാനിലും അതിർത്തിമേഖലകളിൽ സ്കൂളുകൾ അടച്ചു. രാജസ്ഥാനിലെ അതിർത്തി ജില്ലകളിലുള്ള ഓഫീസർമാരോടും പോലീസുദ്യോഗസ്ഥരോടും അവധി റദ്ദാക്കി മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.

പൂഞ്ച്, രജൗരി, ജമ്മു, സാംബ, കഠുവ എന്നിവയുൾപ്പെടെയുള്ള അഞ്ച് അതിർത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജമ്മു-കശ്മീർ സർക്കാർ ഉത്തരവിട്ടു. അന്താരാഷ്ട്ര അതിർത്തിക്കും നിയന്ത്രണരേഖയ്ക്കും സമീപം താമസിക്കുന്നവരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിൽ, രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പാക് പ്രകോപനത്തിനുള്ള മറുപടിയായി ലാഹോറിലെ പാക് പ്രതിരോധകാര്യാലയത്തിലെ വ്യോമപ്രതിരോധ റഡാര്‍ സംവിധാനം ഇന്ത്യ തകര്‍ത്തിരുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചത് ഇന്ത്യയുടെ ആയുധനിലവാരം കൊണ്ടാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. അതിനിടെ പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാല്‍ അണക്കെട്ട് ഇന്ത്യ തുറന്നുവിട്ടിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന ജലനിരപ്പ് ഉയര്‍ന്നത് കൊണ്ടാണ് ഷട്ടര്‍ തുറന്നുവിട്ടതെന്നാണ് ഔദ്യോ​ഗിക അറിയിപ്പ്. ഇതിനിടെ ഇന്ത്യക്കെതിരെ ജിഹാദ് അതായത് വിശുദ്ധയുദ്ധം പ്രഖ്യാപിച്ച് ഭീകരസംഘടനായ അല്‍ ഖായിദ രംഗത്തെത്തിയിരുന്നു. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീംകമാന്‍ഡറുമായ അബ്ദുള്‍ റൗഫ് കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Exit mobile version