Site iconSite icon Janayugom Online

പാകിസ്ഥാന് യുഎന്‍ പാനല്‍ അധ്യക്ഷ പദവി; മോഡി സര്‍ക്കാരിന് മൗനം

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ റദ്ദാക്കല്‍, നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കല്‍, പാക് വ്യോമപാത ഒഴിവാക്കല്‍, ഓപ്പറേഷന്‍ സിന്ദൂര്‍, പാക് ആക്രമണത്തെ ന്യായീകരിക്കാന്‍ എംപിമാരുടെ സംഘത്തെ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കല്‍ അങ്ങനെ തിരക്കിട്ട നീക്കങ്ങളിലായിരുന്നു മോഡി സര്‍ക്കാര്‍. എന്നാല്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ ഭീകര വിരുദ്ധ സമിതി അധ്യക്ഷസ്ഥാനവും താലിബാന്‍ ഭീകര വിരുദ്ധ സമിതി ഉപാധ്യക്ഷ സ്ഥാനവും പാകിസ്ഥാന് നല്‍കിയതില്‍ മൗനം. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ പാകിസ്ഥാന്റെ നിയമനങ്ങളെ ഇന്ത്യയുടെ യുഎന്‍ നയതന്ത്ര പ്രതിനിധി എതിര്‍ക്കാത്തത് വ്യാപക വിമര്‍ശനത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സുരക്ഷാ കൗണ്‍സിലെ 15 അംഗങ്ങളില്‍ ഇന്ത്യയും മൗനം പാലിച്ചതോടെ മറ്റ് അംഗങ്ങള്‍ പാക് നിയമനത്തെ എതിര്‍ത്തില്ല. നിലവിലുള്ള എല്ലാ കമ്മിറ്റികളിലും വർക്കിങ് ഗ്രൂപ്പുകളിലും സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങൾ ഉൾപ്പെടുന്നുണ്ട്. കമ്മിറ്റികളുടെയും വർക്കിങ് ഗ്രൂപ്പുകളുടെയും അധ്യക്ഷ അല്ലെങ്കിൽ സഹാധ്യക്ഷ സ്ഥാനം വഹിക്കുന്നത് യുഎൻ‌എസ്‌സിയിലെ നിയുക്ത അംഗങ്ങളാണ്. 

കൗൺസിൽ അധ്യക്ഷന്റെ അനുമതിയോടെയാണ് വര്‍ഷന്തോറും അധ്യക്ഷനെ നിയമിക്കുന്നത്. സമിതി അംഗമായ ഇന്ത്യന്‍ പ്രതിനിധി പാക് പ്രതിനിധിയെ അധ്യക്ഷനാക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയില്ല. അധ്യക്ഷ സ്ഥാനം എല്ലാ മാസവും ഓരോ രാജ്യങ്ങളാണ് വഹിക്കുന്നത്. പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ നാമാവശേഷമാക്കിയെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപിയും അവകാശവാദം നടത്തുന്നതിനിടെ നടന്ന സുപ്രധാന നീക്കത്തിലാണ് മോഡി സര്‍ക്കാര്‍ മൗനം പാലിച്ചത്. കൗണ്‍സിലിലെ മറ്റ് അംഗരാജ്യങ്ങളുടെ പ്രതികരണം ഔദ്യോഗികമായി ഇതുവരെ പുറത്ത് വന്നിട്ടില്ല. ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ന്യൂഡൽഹിയുടെ ശ്രമങ്ങൾക്ക് അപമാനമായി കരുതുന്ന ഈ തീരുമാനത്തിൽ പ്രതിഷേധിക്കാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തതയില്ല. തീവ്രവാദ ധനസഹായം നിരീക്ഷിക്കുന്നതിനായി പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ ഉള്‍പ്പെടുത്താന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് സുരക്ഷാ കൗണ്‍സിലിലെ ഭീകര വിരുദ്ധ പാനല്‍ അധ്യക്ഷനായി പാകിസ്ഥാനെ തെരഞ്ഞെടുത്തത്.
ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി തന്റെ ആജ്ഞ അനുസരിച്ച് ഇന്ത്യ അവസാനിപ്പിക്കുകയായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നിരവധി തവണ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലഡ്മിര്‍ പുട്ടിനോടും ട്രംപ് സമാന പ്രസ്താവന പങ്കുവച്ചതായി മോസ്കോയില്‍ നിന്നും പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. 

Exit mobile version