Site iconSite icon Janayugom Online

പ്രത്യാക്രമണത്തിന് പാകിസ്ഥാന്‍; സൈന്യത്തിന് സ്വാതന്ത്ര്യം

ഇന്ത്യന്‍ സൈനിക നടപടിക്കെതിരെ പ്രത്യാക്രമണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തിരിച്ചടിക്കാന്‍ പാക് ദേശീയ സുരക്ഷാ സമിതി സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പാക് മാധ്യമമായ ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും നിര്‍ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂര്‍ നേരത്തേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. 

ഇന്ത്യയുടെ ആക്രമണത്തില്‍ 36 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. 38 പേര്‍ക്ക് പരിക്കേറ്റു, രണ്ട് പേരെ കാണാതായെന്നും പറയുന്നു. അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചു. അതേസമയം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യയും സര്‍വസജ്ജമായി. ഇന്ത്യന്‍ അതിര്‍ത്തികളെല്ലാം ശക്തമായ സുരക്ഷയിലാണ്. അതിർത്തിയിൽ കൂടുതൽ സേനകളെ വിന്യസിച്ചു. ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിരിച്ചടിച്ചതെങ്കില്‍ പാകിസ്ഥാന്റെ തിരിച്ചടി സാധാരണക്കാരെയോ സൈനിക കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടായിരിക്കുമെന്നാണ് വിലയിരുത്തല്‍. 

Exit mobile version