Site iconSite icon Janayugom Online

4 സേനാത്താവളങ്ങളെയടക്കം പാകിസ്ഥാൻ ലക്ഷ്യമിട്ടു, സ്കൂളുകൾക്ക് നേരെയും അക്രമമുണ്ടായി; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് മൂന്നാം ദിനവും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം. ജമ്മു, സാംബാ, പത്താന്‍കോട്ട്, ഫിറോസ്‌പൂര്‍, ജയ്സാല്‍മീര്‍ എന്നിവിടങ്ങളായിരുന്നു പാക് ആക്രമണം. രാജസ്ഥാനിലെ ബാര്‍മര്‍, പൊഖ്റാന്‍ എന്നിവിടങ്ങളിലും ഡ്രോണ്‍ ആക്രമണം നിര്‍വീര്യമാക്കിയെന്ന് വ്യോമസേന അറിയിച്ചു.
രണ്ടുദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ നിന്ന് തൊടുത്തുവിട്ട 400 ഡ്രോണുകള്‍ തകര്‍ത്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ 36 നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അന്താരാഷ്ട്ര അതിർത്തിയിലും യഥാർത്ഥ നിയന്ത്രണരേഖയിലും നിരവധി തവണ പാകിസ്ഥാൻ പ്രകോപനമുണ്ടായി. ഇതിന് ഇന്ത്യ ശക്തമായ മറുപടി നൽകി. 

തുർക്കി നിര്‍മ്മിത അസിസ്ഗാര്‍ഡ് സോണ്‍ഗര്‍ ഡ്രോണുകളാണ് പാകിസ്ഥാൻ ഉപയോഗിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വ്യക്തമാക്കി. രാപകല്‍ ഭേദമന്യേ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഇവ. ലഡാക്കിലെ സിയാച്ചിന്‍ ഗ്ലേസിയര്‍ ബേസ് ക്യാമ്പിന് സമീപവും ഗുജറാത്തിലെ കച്ച് മേഖലയിലും പാക് ഡ്രോണുകള്‍ എത്തിയിരുന്നു. അതിര്‍ത്തി രേഖയില്‍ നിന്ന് 1,400 കിലോമീറ്റര്‍ അകലെയാണ് ഡ്രോണ്‍ കണ്ടെത്തിയതെന്നത് ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. 

വ്യോമപ്രതിരോധ തോക്കുകള്‍ ഉപയോഗിച്ച് അമ്പത് ‍ഡ്രോണുകള്‍ തകര്‍ത്തതായി കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ജാമിങ് റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചാണ് 20 ഡ്രോണുകള്‍ നിര്‍വീര്യമാക്കിയത്. പാകിസ്ഥാന്‍ അയച്ച ഡ്രോണുകളില്‍ ഭൂരിഭാഗവും ആയുധങ്ങള്‍ വഹിക്കാത്തതാണെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധത്തെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്നും ഖുറേഷി പറഞ്ഞു.
ഇന്ത്യക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്താന്‍ സിവില്‍ വിമാനങ്ങളെ പാകിസ്ഥാന്‍ മറയാക്കിയെന്ന് വിക്രം മിസ്രി ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധ ഡ്രോണുകള്‍ അക്രമിച്ചു. ഇതില്‍ ഒരിടത്ത് എഡി റഡാര്‍ സംവിധാനം തകര്‍ക്കാനായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ 77 ഡ്രോണുകള്‍ വെടിവച്ചിട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ നിര്‍മ്മിത ഡ്രോണുകള്‍ സായുധ സേന വെടിവെച്ചിട്ടതായി റോഡിയോ പാകിസ്ഥാനെ ഉദ്ധരിച്ച് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്ന എല്ലാ ഡ്രോണുകളും റഡാര്‍ നിരീക്ഷണത്തിലാണെന്ന് ഡയറക്ടര്‍ ജനറല്‍ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. 

Exit mobile version