Site iconSite icon Janayugom Online

പാകിസ്ഥാന്റെ തിരിച്ചടി; വ്യോമമേഖല അടയ്ക്കാന്‍ തീരുമാനിച്ചു

ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികൾക്കെതിരെ തിരിച്ചടിച്ച് പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ വ്യോമമേഖല അടയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. കൂടാതെ വാഗ അതിര്‍ത്തി അടയ്ക്കാനും 1972ലെ ഷിംല കരാര്‍ മരവിപ്പിക്കാനും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി തീരുമാനിച്ചു.
ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്ടാക്കള്‍ ഏപ്രില്‍ 30നകം രാജ്യം വിടണം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ അംഗസംഖ്യ ഏപ്രിൽ 30 മുതൽ 30 നയതന്ത്രജ്ഞരും ജീവനക്കാരുമായി വെട്ടിക്കുറച്ചതായും പാകിസ്ഥാന്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്കുള്ള സാര്‍ക്ക് വിസ ഇളവ് വിസ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പാകിസ്ഥാന്‍ യോഗം തീരുമാനിച്ചു. സിഖ് തീര്‍ത്ഥാടകര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനം തള്ളുന്നുവെന്ന് പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി പറഞ്ഞു. ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള അന്താരാഷ്ട്ര കരാറാണിതെന്നും ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള വ്യവസ്ഥ ഉടമ്പടിയില്‍ ഇല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടയുന്നതിനോ ഗതിമാറ്റിവിടുന്നതിനോ ഉള്ള ഏതൊരു ശ്രമത്തെയും യുദ്ധനടപടിയായി കണക്കാക്കുമെന്നും പൂര്‍ണ ശക്തിയോടെ പ്രതികരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കരസേനാ മേധാവി ജനറൽ അസിം മുനീർ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ് തുടങ്ങിയവർ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തില്‍ പങ്കെടുത്തു. 

Exit mobile version