Site icon Janayugom Online

ജിഹാദി പ്രസ്താവനയ്ക്ക് പിന്നിൽ പാകിസ്ഥാന്റെ ഐഎസ്ഐ

ISIS

കശ്മീരിനെ ഉൾപ്പെടുത്തിയുള്ള അൽ ഖ്വയ്ദയുടെ ആഗോള ജിഹാദി പ്രസ്താവനയ്ക്ക് പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐക്ക് പങ്കുണ്ടെന്ന് കേന്ദ്ര സർക്കാർ. കശ്മീരിനെ ഉൾപ്പെടുത്തിയതിനും റഷ്യയിലെ ചെച്‍നിയ, ചെെനയിലെ ഷിൻജിയാങ് എന്നീ പ്രദേശങ്ങളെ ഒഴിവാക്കിയതിനും പിന്നിൽ പാകിസ്ഥാന്റെ ഇടപെടലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ലോകത്തെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആഗോള ജിഹാദ് രൂപീകരിക്കണമെന്നാണ് അല്‍ ഖ്വയ്‍ദയുടെ പ്രസ്‍താവന. മുൻപ് നടത്തിയ പ്രസ്താവനയിൽ കശ്മീരിനെ ഉൾപ്പെടുത്താത്തതും ഇപ്പോൾ ഉൾപ്പെടുത്തിയതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അല്‍ ഖ്വയ്‍ദയുടെ പ്രസ്താവനയെ സര്‍ക്കാര്‍ ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ടെന്നും ലഷ്കർ-ഇ‑തൊയ്ബ, ജെയ്ഷ്-ഇ‑മുഹമ്മദ് തുടങ്ങിയ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾക്ക് രാജ്യത്ത് ആക്രമണം നടത്തുവാൻ ഈ പ്രസ്താവന പ്രോത്സാഹനമാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ലോകത്തുള്ള മുസ്‍ലിം മത വിശ്വാസികളെ മുഴുവൻ തീവ്രവാദികളാക്കാനാണ് അൽ ഖ്വയ്ദ ശ്രമിക്കുന്നതെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

കശ്മീരിന് പുറമെ, പശ്ചിമേഷ്യ ഉള്‍പ്പെടുന്ന ലെവന്റ്, സൊമാലിയ, ഇറാഖ്, സിറിയ, ജോർദാൻ എന്നീ പ്രദേശങ്ങളും അൽ ഖ്വയ്ദയുടെ പട്ടികയിലുൾപ്പെടുന്നു. കാശ്മീർ, സൊമാലിയ, ലെവന്റ്, യെമൻ എന്നീ ഇസ്‍ലാമിക രാജ്യങ്ങളെ ഇസ്‍ലാമിന്റെ ശത്രുക്കളുടെ പിടിയിൽ നിന്ന് അല്ലാഹു മോചിപ്പിക്കട്ടെ. ലോകമെമ്പാടുമുള്ള മുസ്‌ലിം തടവുകാർക്ക് അല്ലാഹു സ്വാതന്ത്ര്യം നൽകട്ടെ എന്നും പ്രസ്താവനയില്‍ പറയുന്നു.

Eng­lish Sum­ma­ry: Pak­istan’s ISI behind jiha­di statement

You may like this video also

Exit mobile version