ഒരു മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ പാലക്കാട് വിധിയെഴുതി തുടങ്ങി. ബൂത്തുകളിൽ വോട്ടറൻമാരുടെ നീണ്ട നിരയാണ് . രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. പുലർച്ചെ 5.30ന് തന്നെ മോക് പോൾ ആരംഭിച്ചിരുന്നു. 185 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ തന്നെ പൂർത്തിയായിരുന്നു.
1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെൻഡര്‍ വോട്ടര്‍മാരും അടക്കം 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ച് എംപിയായതിന് പിന്നാലെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍ഡിഎഫിനായി സിപിഐ (എം) സ്വതന്ത്രനായ പി സരിനും യുഡിഎഫിനായി കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും എന്‍ഡിഎയ്ക്കായി ബിജെപിയുടെ സി കൃഷ്‌ണ കുമാറും മത്സര രംഗത്തുണ്ട്.