Site iconSite icon Janayugom Online

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ചേലക്കരയില്‍ പ്രദീപ്, പാലക്കാട് സരിന്‍

നവംബര്‍ 13 ന് നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡോ. പി സരിനും ചേലക്കരയില്‍ യു ആര്‍ പ്രദീപും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഡോ. പി സരിന്‍ ഇടത് സ്വതന്ത്രനായിട്ടാണ് മത്സരിക്കുക. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം തേടിയതിനുശേഷം സംസ്ഥാന സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്നും മൂന്നിടങ്ങളിലും വിജയിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുന്‍പേ സരിനെ പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ഇതിനു മുമ്പും നിരവധിയാളുകള്‍ പാര്‍ട്ടിയിലേക്ക് വന്നിട്ടുണ്ടെന്നും അവരെല്ലാം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. 

2016 മുതൽ അഞ്ചുവർഷം ചേലക്കര എംഎൽഎയായിരുന്നു യു ആർ പ്രദീപ്‌. 2022 മുതൽ സംസ്ഥാന പട്ടികജാതി ‑വർഗ വികസന കോർപറേഷൻ ചെയർമാനാണ്. അഞ്ച്‌ പതിറ്റാണ്ടിനിടയിൽ ആദ്യമായി നഷ്ടത്തിലായിരുന്ന കോർപറേഷനെ വൻ ലാഭത്തിലാക്കി. 2000–2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായും 2005–10വരെ വൈസ്‌ പ്രസിഡന്റായും പ്രവർത്തിച്ചു. ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. സിപിഐ(എം) വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ്‌. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ് കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്‌. ഭാര്യ: പ്രവിഷ (വീട്ടമ്മ). മക്കൾ: കാർത്തിക്‌, കീർത്തന. 

കെപിസിസി സോഷ്യൽ മീഡിയ സെൽ മുൻ കൺവീനറായിരുന്നു ഡോ. പി സരിൻ. കോൺഗ്രസിലെ വർഗീയ നിലപാടുകൾ തുറന്നുകാട്ടിയാണ്‌ ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. പഴയന്നൂർ ഗവ. ഹൈസ്ക്കൂളിലെ പഠനശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. 2007ൽ എംബിബിഎസ് പാസായ സരിൻ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിച്ച് ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് സർവീസിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി ആറര വർഷം പ്രവർത്തിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
തിരുവില്വാമല പകവത്ത് കുടുംബാംഗമാണ്. പാലക്കാട് കാടാങ്കോടാണ് താമസം. ഭാര്യ: ഡോ. സൗമ്യ (ഷാർജ മെഡ് കെയർ ആശുപത്രിയിൽ നവജാത ശിശുരോഗവിദഗ്ധ). മകൾ: സ്വാതിക. 

Exit mobile version