Site iconSite icon Janayugom Online

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുൽ മാങ്കൂട്ടത്തിനെതിരെ നീക്കം ശക്തം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ നീക്കം ശക്തമാക്കിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. സീറ്റ് ആവശ്യപ്പെട്ട് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരനും കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ കൺവീനർ ഡോ. പി സരിനും രംഗത്തുണ്ട്. ഈ ആവശ്യമുന്നയിക്കാൻ സരിൻ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സന്ദർശിക്കും. പാലക്കാട് മത്സരിക്കില്ലെന്ന് മുരളീധരൻ നേരത്തെ പ്രസ്താവിച്ചെങ്കിലും സംഘടനാതല ചർച്ചകളിൽ മാറ്റമുണ്ടായതായാണു സൂചന.കൂടുതൽ പേർ സ്ഥാനാർഥിയാകാൻ രംഗത്തെത്തിയതോടെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ വിവാദം പുകയുകയാണ്. കെ മുരളീധരനും ഡോ പി സരിനും രാഹുൽ മാങ്കൂട്ടത്തിനും വേണ്ടി ഒരു വിഭാ​ഗം നീക്കം ശക്തമാക്കിയതോടെ ഉപതെര‍ഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുകയാണ്. മുൻ എംഎൽഎ വി ടി ബൽറാമിനും സീറ്റ് മോഹമുണ്ട്. 

ഇതിനകം സരിന് വേണ്ടി പ്രതിഷേധം കടുപ്പിച്ച് പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രം​ഗത്തെത്തി. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ രം​ഗത്തെത്തിയതും വലിയ ചർച്ചയായിരുന്നു. സ്ഥാനാർത്ഥിത്വം പിന്തുടർച്ചാവകാശം പോലെയാക്കരുതെന്നും ജനാധിപത്യ മര്യാദ പാലിക്കണമെന്നും സരിന് വേണ്ടി വാദിക്കുന്നവർ പറയുന്നു. ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി എടുക്കണമെന്നും ഇവർ പറയുന്നു. അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഇവർ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ബിജെപിയിലും സ്ഥാനാർഥി ചർച്ച സജീവമായിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന . 

Exit mobile version