സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പട്ടം കെട്ടി പാലക്കാട്. 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമായാണ് പാലക്കാടിന്റെ നേട്ടം. സ്‌കൂൾ മീറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായി മലപ്പുറം റണ്ണേഴ്‌സ് അപ്പായി. 13 സ്വർണവും 17 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 149 പോയിന്റുമായാണ് മലപ്പുറം മുന്നിലെത്തിയത്. എട്ടു സ്വർണവും 16 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 122 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായിരുന്ന എറണാകുളം ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വ്യക്തിഗത സ്‌കൂൾ വിഭാഗത്തിൽ വമ്പൻമാരായ സ്‌കൂളുകളെ ഏറെ പിന്നിലാക്കി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യൻമാരായി. ഏഴു സ്വർണം, ഒമ്പത് വെള്ളി, നാല് വെങ്കലം ഉൾപ്പെട 66 പോയിന്റുമായാണ് ഐഡിയൽ ഒന്നാമതെത്തിയത്. പാലക്കാട് കല്ലടി എച്ച്എസ് കുമരംപുത്തൂർ ഏഴു സ്വർണവും ആറു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 54 പോയിന്റുമായി രണ്ടാമതും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്എസ് മൂന്നു സ്വർണവും ആറു വെള്ളിയും ഒമ്പത് വെങ്കലവുമായി 42 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ സ്‌കൂൾ മീറ്റിലെ ചാമ്പ്യനായിരുന്ന കോതമംഗലം മാർ ബേസില്‍ ഇത്തവണ 32 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇക്കുറി ട്രാക്കിനങ്ങളിൽ റെക്കോഡുകൾ ഒന്നും പിറന്നിട്ടില്ല. കായികമേളയില്‍ പിറന്ന ആറു റെക്കോഡുകളിൽ അഞ്ചും ഫീൽഡ് ഇനങ്ങളിലും ഒരെണ്ണം ജംപിങ് പിറ്റിലുമായിരുന്നു. ജൂനിയർ ആൺകുട്ടികളിൽ ജെ ബിജോയ്, സബ് ജൂനിയർ പെൺകുട്ടികളിൽ നിവേദ്യ കലാധർ, സീനിയർ പെൺകുട്ടികളിൽ ഇ എസ് ശിവപ്രിയ എന്നിവർ ട്രിപ്പിൾ സ്വർണം നേടി.
English Summary: Palakkad: Overall for Malappuram Kadakaseri Ideal EHSS in schools
You may also like this video