Site iconSite icon Janayugom Online

പാലത്തായി പിഡനക്കേസ് : ബിജെപി നേതാവ് കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി നാളെ

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കെ പത്മരാജന്‍ കുറ്റക്കാരനാണെന്ന് കോടതി.
തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാലത്തായിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് കോടതിയുടെ കണ്ടെത്തല്‍.ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. 2020ല്‍ ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയില്‍ സ്‌കൂളിലെ ബാത്ത്‌റൂമില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പത്മരാജനെതിരായ കേസ്.

376 എബി, ബലാത്സംഗം, പോക്‌സോ അടക്കമുള്ള കുറ്റങ്ങളാണ് പത്മരാജനെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. ശേഷം തലശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.അതേസമയം 2020 ജനുവരിയില്‍ 10 വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി മാര്‍ച്ച് 17നാണ് പൊലീസിന് ലഭിക്കുന്നത്. 

ആദ്യം പാനൂര്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്.തുടര്‍ന്ന് മാര്‍ച്ച് 17ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്.രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നും അതിനാല്‍ സിബിഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു പത്മരാജന്റെ ആവശ്യം.

Exit mobile version