കാസർകോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് പാലിയേറ്റീവ് ചികിത്സയ്ക്ക് സൗകര്യമൊരുക്കാത്തതില്‍ സുപ്രീം കോടതി വിമർശനം. ദുരിത ബാധിതർക്ക് നഷ്ടപരിഹാരവും ചികിത്സയും ഉൾപ്പെടെ കാലതാമസമെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്.
ഇരകള്‍ക്ക് നിലവില്‍ പാലിയേറ്റിവ് ചികിത്സക്കായി തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ട അവസ്ഥയാണെന്നും കാസര്‍കോട് ടാറ്റ ആരംഭിച്ച ആശുപത്രി അടച്ചുപൂട്ടാന്‍ പോകുകയാണെന്നും ഇരകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ പി എന്‍ രവീന്ദ്രനും പി എസ് സുധീറും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് സര്‍ക്കാരിന് ടാറ്റ ആശുപത്രി ഏറ്റെടുത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു ചികിത്സ നല്കിക്കൂടേയെന്ന് കോടതി ആരാഞ്ഞു. നഷ്ടപരിഹാര വിതരണം വൈകുന്നതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കണക്കുപുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരത്തുക എത്തേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ഇരകള്‍ക്കുള്ള ചികിത്സാസഹായം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറി വി പി ജോയിയോട് കോടതി നിര്‍ദേശിച്ചു.
2017 ജനുവരിയിലാണ് 3704 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിറങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും എല്ലാവര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിനെ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് ലഭിച്ച ശേഷം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രമാണ് നഷ്ടപരിഹാരത്തിന് പണം അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. എത്ര ഇരകള്‍ ഇതിനിടയില്‍ മരിച്ചിരിക്കാമെന്ന് കോടതി ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ആരാഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസമെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ച എട്ട് ഇരകള്‍ക്കും 50,000 രൂപ കോടതി ചെലവ് ഇനത്തില്‍ നല്‍കണമെന്നും ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
English Summary: Palliative care should be provided to endosulfan victims: Supreme Court
You may like this video also