Site iconSite icon Janayugom Online

പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി അന്തിമഘട്ടത്തിൽ

പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതി അവസാനഘട്ടത്തിൽ. ടണലിലും പെൻസ്റ്റോക്കിലും വെള്ളം നിറയ്ക്കുന്ന പ്രവൃത്തികൾ പുരോഗമിച്ച് വരികയാണ്. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വെള്ളം നിറയ്ക്കല്‍ പൂർത്തിയാക്കുക. ഏകദേശം ഒരു മാസത്തോളം നീളുന്ന പ്രവൃത്തിയാണിത്. കെഎസ്ഇബിയുടെ നേതൃത്വത്തിൽ ജല വൈദ്യുത പദ്ധതികളിലൂടെ പരമാവധി ആഭ്യന്തര വൈദ്യുതോല്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 60 മെഗാവാട്ട് ശേഷിയുളള പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി. പുതിയതായി സ്ഥാപിച്ച പെൻസ്റ്റോക്കിലും ടണലിലുമാണ് വെള്ളം നിറയ്ക്കേണ്ടത്. വൈദ്യുതോല്പാദനത്തിനായി ജലം കൊണ്ട് പോകുന്ന മൂന്നര മീറ്റർ വ്യാസമുള്ള ടണലിലാണ് ആദ്യഘട്ടമായി വെള്ളം നിറയ്ക്കുന്ന ജോലികൾ നടക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ച മൂന്നാർ ഹെഡ്‌വർക്സിൽ നിന്ന് ആരംഭിക്കുന്ന ടണലിന് മൂന്നര കിലോ മീറ്റർ നീളമാണുളളത്.

ആദ്യഘട്ടം ഇൻടേക്ക് മുതൽ വാൽവ് ഹൗസ് വരെയും രണ്ടാം ഘട്ടം വാൽവ് ഹൗസിൽ നിന്നും പവർ ഹൗസ് വരെയുമാണ്. വെള്ളം ചോർച്ച സംഭവിക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം നിയമപരമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. കെഎസ്ഇബിയുടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതി 1942 ഫെബ്രുവരി 10 ന് ആണ് 4.5 മെഗാവാട്ടിന്റെ മൂന്ന് ടർബൈനുകൾ ഉപയോഗിച്ച് 13.5 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന നിലയിൽ സ്ഥാപിച്ചത്.

1951 മാർച്ച് ഏഴിന് 7.5 മെഗാവാട്ടിന്റെ മൂന്ന് ടർബൈനുകൾ കൂടി കമ്മിഷൻ ചെയ്യുകയും 2001 ൽ പദ്ധതി നവീകരിച്ച് 36 മെഗാവാട്ടിൽ നിന്ന് 37.5 മെഗാവാട്ടായി ഉയർത്തുകയുമായിരുന്നു. മാട്ടുപ്പെട്ടിയിൽ വൈദ്യുതി ഉല്പാദനശേഷം പുറന്തള്ളുന്ന വെളളം പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിൽ തടഞ്ഞു നിർത്തി പള്ളിവാസലിൽ എത്തിച്ചായിരുന്നു വൈദ്യുതി ഉല്പാദനം നടത്തിയിരുന്നത്. വൈദ്യുതി ഉല്പാദനത്തിനുശേഷം ഹെഡ് വർക്സ് ഡാമിൽ നിന്നു പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് 60 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി 2007 ജനുവരി 20നാണ് വിപുലീകരണ പദ്ധതി നിർമ്മാണം ആരംഭിച്ചത്.

ജലം നിറയ്ക്കല്‍ വിജയകരമെന്ന് കെഎസ്ഇബി

നിര്‍‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലായിരിക്കുന്ന പള്ളിവാസല്‍ വിപുലീകരണ ജലവൈദ്യുത പദ്ധതിയിലെ ടണലിലും പെന്‍സ്റ്റോക്ക് പൈപ്പിലും ജലം നിറയ്ക്കുന്ന പ്രവര്‍‍ത്തനം വിജയകരമെന്ന് കെഎസ്ഇബി. കേരളത്തില്‍ ജലവൈദ്യുത പദ്ധതികളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യമാക്കിയുള്ള പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജിതമായി മുന്നോട്ട് പോകുകയാണ്. വൈദ്യുതോല്പാദനത്തിനായി ജലം കൊണ്ടുപോകുന്ന മൂന്നര മീറ്റര്‍ വ്യാസമുള്ള ടണലില്‍ തിങ്കളാഴ്ചയാണ് വെള്ളം നിറച്ച് തുടങ്ങിയത്.

ടണലിലും പെന്‍സ്റ്റോക്കിലും വെള്ളം നിറയ്ക്കുന്നതിനായി ഏകദേശം ഒരു മാസം വേണ്ടിവരും. രണ്ട് ഘട്ടങ്ങളിലായാണ് പുതുതായി സ്ഥാപിച്ച ടണലിലും അതേത്തുടര്‍ന്നുള്ള പെന്‍സ്റ്റോക്കിലും വെള്ളം നിറയ്ക്കുന്നത്. നിര്‍മ്മാണം പൂര്‍‍ത്തീകരിച്ച മൂന്നാര്‍ ഹെഡ് വര്‍ക്സില്‍ നിന്നും തുടങ്ങുന്ന മൂന്നര കിലോമീറ്റര്‍ നീളമുള്ള ടണലും ഒരു കിലോമീറ്റര്‍ രണ്ടര മീറ്റര്‍ വ്യാസവുമുള്ള പ്രഷര്‍ ഷാഫ്റ്റും, 1.285 കിലോമീറ്റര്‍‍ രണ്ട് മീറ്റര്‍ വ്യാസം ഉള്ളതുമായ പെന്‍‍സ്റ്റോക്കും ഉള്‍‍പ്പെടുന്ന ഭാഗത്ത് വെള്ളം നിറയ്ക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ പ്രവൃത്തി നിര്‍വഹിക്കുന്നത്.

ആദ്യഘട്ടം ഇന്‍‍ടേക്കില്‍ നിന്നും വാല്‍വ് ഹൗസിലേക്കും രണ്ടാം ഘട്ടം വാല്‍വ് ഹൗസ് മുതല്‍ പവര്‍ഹൗസ് വരെയും ആണ്. നിരീക്ഷണത്തിനുശേഷം ചോര്‍‍‍‍‍ച്ചയൊന്നും കാണുന്നില്ലെന്ന് ഉറപ്പു വരുത്തും. നിയമപരമായ എല്ലാ മുന്‍കരുതലുകളും ഉറപ്പാക്കിയ ശേഷമാണ് പെന്‍‍സ്റ്റോക്കില്‍ വെള്ളം നിറയ്ക്കുന്നത്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 60 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയാണ് കേരളത്തിന് ലഭിക്കുക.

Eng­lish Summary:Pallivasal exten­sion project in final stage
You may also like this video

Exit mobile version