Site iconSite icon Janayugom Online

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അര്‍ബുധ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുതന്മാനരില്‍ മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ജനനം.

18 വർഷത്തോളം മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്‍ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മത‑ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.

കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.

മന്ത്രി വി. ശിവൻകുട്ടി

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികൾ. രാഷ്ട്രീയ — മത വേദികളിലെ സൗമ്യ മുഖമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

മന്ത്രി സജി ചെറിയാൻ
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം അത്യന്തം വേദനാജനകമാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ മുതിർന്ന വ്യക്തിത്വമെന്ന നിലയിൽ അടുത്ത സൗഹൃദം എല്ലാവരുമായും പുലർത്തിയ വ്യക്തിയാണ് അദ്ദേഹം. പക്വമായ നിലപാടുകളും മിതത്വം നിറഞ്ഞ ഭാഷയുമായി ഏവരുടെയും ബഹുമാനം പിടിച്ചുപറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ നഷ്ടം സൃഷ്ടിക്കും. ആദരവോടെ അനുശോചനങ്ങൾ നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

കാനം അനുശോചിച്ചു

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. മുസ്‌ലിം ലീഗിനെ നിർണ്ണായക രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിന് അദ്ദേഹം സ്‌തുത്യർഹമായ പങ്കാണ് വഹിച്ചത്. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. തങ്ങളുടെ നിര്യാണത്തിൽ ദുഃഖിക്കുന്ന എല്ലാ മനസുകളോടും കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗണ്‍സിലിനുവേണ്ടി കാനം രാജേന്ദ്രൻ പങ്കുചേർന്നു.

Eng­lish Summary:Panakkad Hyder­ali Shi­hab Than­gal passed away

You may like this video also

Exit mobile version