Site icon Janayugom Online

പന്തല്ലൂര്‍ മഖന ഇനി മര്യാദരാജ

മൂന്ന് സംസ്ഥാനങ്ങളിലായി പടര്‍ന്നുകിടന്ന സാമ്രാജ്യത്തിന്റെ അധിപനായിരുന്ന പിഎം 2 എന്ന കാട്ടാന ഏഴ് മാസത്തെ കൊട്ടില്‍വാസത്തിനുശേഷം മര്യാദക്കാരനായി പുറത്തിറങ്ങി. ഈ വര്‍ഷമാദ്യം സുല്‍ത്താന്‍ ബത്തേരി ടൗണിലിറങ്ങി നാടിനെ വിറപ്പിച്ച് ഭീതിവിതച്ച ആനയെ മുത്തങ്ങ ആനപ്പന്തിയിലെ കൊട്ടിലില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് പുറത്തിറക്കിയത്. ഇനി കുറച്ചുനാള്‍ മുത്തങ്ങ ആനപ്പന്തിയോട് ചേര്‍ന്ന് അര്‍ധവന്യാവസ്ഥയില്‍ പി എം 2 കഴിയും. ഇവിടുത്തെ നിരീക്ഷണത്തിന് ശേഷം പന്തിയിലെ മറ്റ് ആനകള്‍ക്കൊപ്പം വിടും.

ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പന്തല്ലൂര്‍ മഖന 2 എന്ന രാജയെ കൂട്ടില്‍ നിന്ന് പുറത്തിറക്കിയത്. തമി‌‌‌ഴ‌്നാട്ടിലെ പന്തല്ലൂര്‍ മേഖലകളില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും വീടുകള്‍ ആക്രമിക്കുകയും രണ്ടുപേരെ കൊല്ലുകയും ചെയ്ത ആനയായിരുന്നു പി എം2 എന്ന മോഴയാന. ഇതോടെ തമിഴ‌്നാട് വനംവകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തിലേക്ക് വിടുകയായിരുന്നു. എന്നാല്‍ ആന ചുറ്റിക്കറങ്ങി ഈവര്‍ഷമാദ്യം ജനുവരി ഏഴിന് വയനാട് വന്യജീവിസങ്കേതത്തിലെ കുപ്പാടി മേഖലയില്‍ എത്തിച്ചേര്‍ന്നു. പിന്നീടാണ് സുല്‍ത്താന്‍ബത്തേരി ടൗണില്‍ ഇറങ്ങി കാല്‍നടയാത്രക്കാരനെ തട്ടിവീഴ്ത്തിയും ബസിനുനേരെ പാഞ്ഞടുത്തും ഭീതി പരത്തിയത്. തുടര്‍ന്ന് ആനയെ ഈ വര്‍ഷം ജനുവരി ഒമ്പതിന് മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടച്ചു.

ആദ്യദിവസങ്ങളില്‍ കൂടുപൊളിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പാപ്പാന്‍മാരുടെ പരിചരണത്തില്‍ പെട്ടെന്ന് പുതിയ ആവാസകേന്ദ്രമായി ഇണങ്ങുകയും ശാന്തനാവുകയും ചെയ്തു. ഇതോടെ ആനയെ പാര്‍പ്പിച്ചിരുന്ന കൂട്ടിനുള്ളില്‍ ഇറങ്ങി തീറ്റ നല്‍കാനും കുളിപ്പിക്കാനും പാപ്പാന്‍മാര്‍ക്ക് സാധിച്ചു. കൂട്ടിലെ വാസത്തിലൂടെ അക്രമസ്വഭാവം മാറി നല്ല ഇണക്കം കാണിച്ചതോടെയാണ് കഴിഞ്ഞദിവസം കൂട്ടിന് പുറത്തിറക്കിയത്. വരുംദിവസങ്ങളിലെ നിരീക്ഷണത്തിനുശേഷം പന്തിയിലെ മറ്റ് ആനകള്‍ക്കൊപ്പം ചേരുന്നതോടെ കുങ്കിപരിശീലനവും നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

Eng­lish Sam­mury: Pan­tallur Makhana is now Maryadara­ja kasarakodu

Exit mobile version