Site icon Janayugom Online

ലോകത്തിലെ ഏറ്റവും മനോഹര കടല്‍ത്തീരങ്ങളിലൊന്നായി പാപനാശം

സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോൺലി പ്ലാനറ്റ് ‘പ്രസിദ്ധീകരണത്തിന്റെ താളുകളിൽ ഇടം പിടിച്ച് വർക്കലയിലെ പാപനാശം ബീച്ച്.
സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായാണ് ലോൺലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. ഗോവയിലെ പലോലം, ആന്‍ഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു ഇന്ത്യൻ ബീച്ചുകൾ. ടൂറിസം വ്യവസായത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം വർക്കലയിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികൾക്ക് ആവേശം പകരുന്നതാണ് ഈ നേട്ടം. 

തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന വർക്കലയിലെ ക്ലിഫ് ബീച്ച് സംസ്ഥാനത്തെ ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. സാമൂഹ്യ പരിഷ്കർത്താവും ആത്മീയ നേതാവുമായ ശ്രീ നാരായണഗുരു സ്ഥാപിച്ച ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ് വർക്കല. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ വർക്കല ബീച്ചിന് ഇടം നേടാനായത് ശ്രദ്ധേയമായ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വർക്കലയുടെ പ്രകൃതി മനോഹാരിതയ്ക്കും പരിസ്ഥിതി ഘടനയ്ക്കും കോട്ടമുണ്ടാക്കാതെയുള്ള പ്രവർത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞർക്കിടയിൽ ‘വർക്കല രൂപവത്കരണം‘എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകൾ ഉൾപ്പെട്ട ഭൂഗർഭ സ്മാരകം പാപനാശത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. ‘ദക്ഷിണ കാശി’ എന്നും വർക്കല കടൽത്തീരം അറിയപ്പെടുന്നു. എല്ലാ സീസണുകളിലും ഭക്തജനങ്ങൾ ധാരാളമായി ഒത്തുകൂടുന്ന ജനാർദ്ദനസ്വാമി ക്ഷേത്രവും വിനോദ സഞ്ചാരമേഖലയിലെ പ്രധാന കേന്ദ്രമാണ്. സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാർച്ച് 29,30, 31 തീയതികളിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനും വർക്കല വേദിയാകും. രാജ്യത്തെമ്പാടുമുള്ള സർഫിങ് അത്‌ലറ്റുകൾ ഇതിന്റെ ഭാഗമാകും. 

Eng­lish Summary:Papanasam as one of the most beau­ti­ful beach­es in the world
You may also like this video

Exit mobile version