നരേന്ദ്രമോഡിയുമായുള്ള ചങ്ങാത്തത്തിന്റെ പിന്‍ബലത്തില്‍ വളര്‍ന്നു പന്തലിച്ചതാണ് ഗൗതം അഡാനിയുടെ വ്യവസായ സാമ്രാജ്യമെന്ന് ഉറപ്പാക്കാവുന്ന റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ച് പുറത്തുവരികയാണ്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഫിച്ച് റേറ്റിങ്ങിന്റെ അനുബന്ധ സ്ഥാപനമായ ക്രെഡിറ്റ്സൈറ്റ്സ് അഡാനി ഗ്രൂപ്പിന്റേത് ഊതിപ്പെരുപ്പിച്ച വ്യവസായ സാമ്രാജ്യമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പൊതുമേഖലാ ബാങ്കുകള്‍ വഴിവിട്ടനിലയില്‍ നല്കിയ വായ്പയുടെയും കേന്ദ്രസര്‍ക്കാരിന്റെ കയ്യയച്ചുള്ള സഹായങ്ങളുടെയും അടിത്തറയിലാണ് രണ്ടു പതിറ്റാണ്ടുകൊണ്ട് അഡാനിയുടെ വ്യവസായ സാമ്രാജ്യം പടര്‍ന്നു പന്തലിച്ചതെന്ന വസ്തുതയ്ക്ക് അടിവരയിടുന്നതാണ് യുഎസ് ആസ്ഥാനമായ ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. 1988ല്‍ കേവലം അഞ്ചുലക്ഷം രൂപ മൂലധനത്തില്‍ ആരംഭിച്ച അഡാനിയുടെ കയറ്റുമതി സ്ഥാപനം പിന്നീട് ആഗോളവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ ഔദാര്യത്തിലാണ് വിവിധ മേഖലകളിലേക്ക് കടന്നുകയറിയത്. പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി തുറമുഖങ്ങളുടെ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായി ഗുജറാത്തിലെ മുന്ദ്ര തുറമുഖം ഏറ്റെടുത്തതോടെ അഡാനി ഗ്രൂപ്പ് രാജ്യശ്രദ്ധ നേടി. ഗുജറാത്ത് ബിജെപി ഭരിക്കുന്ന ഘട്ടത്തിലായിരുന്നു മുന്ദ്ര തുറമുഖം അഡാനിക്ക് ലഭിക്കുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ആഗോളതലത്തില്‍ വ്യവസായ സാമ്രാജ്യം വ്യാപിപ്പിക്കുന്ന അഡാനിയെയാണ് രാജ്യം കണ്ടത്. 2006ല്‍ വന്‍കിട കല്‍ക്കരി ഇറക്കുമതി സംരംഭത്തിലും 2009ല്‍ ഇന്തോനേഷ്യയിലെ കല്‍ക്കരി ഖനന രംഗത്തും ആധിപത്യമുറപ്പിച്ച അഡാനി, ഇന്ധന‑വാതക പര്യവേഷണം, വാതക വിതരണം, വൈദ്യുതി വികിരണവും വിതരണവും, പൊതുമരാമത്തും അടിസ്ഥാന സൗകര്യങ്ങളും, സൈനിക വ്യവസായം, അന്താരാഷ്ട്ര വ്യാപാരം, വിദ്യാഭ്യാസം, ഭൂമി കച്ചവടം, ഭക്ഷ്യഎണ്ണ, ഭക്ഷ്യ സംഭരണം തുടങ്ങിയ വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
ഇതുകൂടി വായിക്കൂ: എൻപിആർ എന്ന സംഘ്പരിവാര്‍ അജണ്ട
കേന്ദ്രത്തില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ അഡാനിക്ക് വച്ചടി വച്ചടി കയറ്റമായിരുന്നു. ഓരോ വര്‍ഷവും ആഗോള ധനിക പട്ടികയില്‍ മുന്നേറിക്കൊണ്ടിരുന്ന ഗൗതം അഡാനി ഒരുവര്‍ഷം മുമ്പ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബ്ലൂംബര്‍ഗിന്റെ ധനികരുടെ പട്ടിക പ്രകാരം 7.21 ലക്ഷം കോടി ആസ്തിയോടെയാണ് അഡാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായത്. 7.16 ലക്ഷം കോടി ആസ്തിയുള്ള മുകേഷ് അംബാനിയെ പിന്തള്ളിയായിരുന്നു അഡാനിയുടെ മുന്നേറ്റം. കോവിഡ് മഹാമാരിക്കാലത്ത് ആഗോള സാമ്പത്തിക രംഗം പ്രതിസന്ധിയെ നേരിട്ടപ്പോഴും അഡാനിയെ പോലുള്ളവര്‍ കുതിച്ചുകയറുന്നതായിരുന്നു ലോകം കണ്ടത്. വര്‍ഷങ്ങളോളം അംബാനിക്ക് പിന്നിലായിരുന്ന അഡാനി വളരെ പെട്ടെന്നാണ് ആസ്തി വര്‍ധിപ്പിച്ചത്. അതുകൊണ്ടുതന്നെ ഓഹരിക്കമ്പോളത്തിന്റെ ആനുകൂല്യവും അഡാനിയുടെ സംരംഭങ്ങള്‍ക്ക് ലഭിച്ചു.
ഇതുകൂടി വായിക്കൂ: അഡാനിക്ക് അടിതെറ്റുന്നു
എന്നാല്‍ ഇവയെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കണക്കുകളില്‍ കൃത്രിമം കാട്ടുകയും കടത്തിന്റെ അടിത്തറയില്‍ സംരംഭങ്ങള്‍ കെട്ടിപ്പൊക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിറകേ അഡാനിക്കുവേണ്ടിയുള്ള ചില വാര്‍ത്താ സൃഷ്ടികളും പുറത്തുവന്നിട്ടുണ്ട്. അതില്‍ പറയുന്നതനുസരിച്ചായാലും അഡാനിയുടെ കടം രണ്ടു ലക്ഷം കോടിയിലധികമാണ്. പെരുപ്പിച്ച ഓഹരി വിലയുമായാണ് അഡാനി പണം വാരിക്കൂട്ടിയത്. കൂടാതെ കള്ളപ്പണ നിക്ഷേപത്തിനായി കടലാസ് കമ്പനികള്‍ ഉണ്ടാക്കിയെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അഡാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിയമനടപടികളെന്ന ഭീഷണിയെ ഭയക്കുന്നില്ലെന്നും വസ്തുതകള്‍ വ്യക്തമാക്കാനാണ് അഡാനി തയ്യാറാകേണ്ടതെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയും നല്കിയിട്ടുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് അഡാനിയും അദ്ദേഹത്തിന്റെ സംരംഭങ്ങളുമെന്ന വസ്തുത ശരിവയ്ക്കപ്പെടുകയാണ് പുറത്തുവരുന്ന ഓരോ റിപ്പോര്‍ട്ടുകളും. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് കല്‍ക്കരി ഖനന പദ്ധതിക്ക് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5,000 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്തത് മോഡിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നത് രണ്ടുവര്‍ഷം മുമ്പ് വന്‍ വിവാദമായിരുന്നു. പ്രസ്തുത ഖനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധമുയര്‍ന്നതും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നതാണ്. മോഡിയുടെ വിദേശ സന്ദര്‍ശനവേളകളില്‍ അഡാനിയുടെ സാന്നിധ്യം വിദേശ രാജ്യങ്ങളിലെ സംരംഭങ്ങളില്‍ പങ്കാളിത്തം ലഭിക്കുന്നതിനുള്ള കാരണമാകുകയും ചെയ്തു. ഈ വിധത്തില്‍ മോഡിയുമായുള്ള ചങ്ങാത്തവും വഴിവിട്ട നേട്ടങ്ങളും വഴി കെട്ടിപ്പടുത്തതാണ് അഡാനിയുടെ വ്യവസായ സാമ്രാജ്യമെന്നും അത് കടലാസ് കൊട്ടാരമാണെന്നുമാണ് പുതിയ വെളിപ്പെടുത്തലിലൂടെ സ്ഥിരീകരിക്കപ്പെടുന്നത്.