28 March 2024, Thursday

എൻപിആർ എന്ന സംഘ്പരിവാര്‍ അജണ്ട

Janayugom Webdesk
November 11, 2022 5:00 am

മതധ്രുവീകരണത്തിലൂടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ, ദേശീയ പൗരത്വ രജിസ്റ്റർ (എൻപിആർ) എന്ന അജണ്ട വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021–22 വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് എൻപിആർ പുതുക്കാനുള്ള നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് അസം ഒഴികെയുള്ള പ്രദേശങ്ങളിൽ എൻപിആർ പുതുക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ (എൻആർസി) തയാറാക്കുകയെന്ന സംഘ്പരിവാർ അജണ്ടയുടെ മുന്നോടിയായാണ് എൻപിആർ പുതുക്കലെന്നതിൽ സംശയമില്ല. എൻആർസി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പാർലമെന്റിൽ മുമ്പേ പ്രഖ്യാപിച്ചിരുന്നതാണ്. രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കി കേന്ദ്ര മന്ത്രിസഭ 2019 ഡിസംബറിൽ പാസാക്കിയെടുത്ത പൗരത്വ ഭേദഗതി ബില്ലിന്റെ തുടർപ്രക്രിയയാണ് എൻപിആർ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ അസമിൽ എൻആർസി നടപ്പാക്കിയപ്പോൾ 19 ലക്ഷത്തോളം പേരാണ് രേഖകളില്ലെന്ന പേരിൽ പൗരത്വ പട്ടികയിൽനിന്ന് പുറത്തായത്.

 


ഇതുകൂടി വായിക്കു; തെലങ്കാനയില്‍ സര്‍ക്കാരിനെഅട്ടിമറിക്കാന്‍ ബിജെപി ശ്രമം;ഓപ്പറേഷന്‍ താമര വിഫലമായി


 

ഇതിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗക്കാരാണ്. ഈ ദുരനുഭവത്തിന്റെ രാജ്യവ്യാപക ദൃശ്യമായിരിക്കും എൻപിആർ ഉണ്ടാക്കുക. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‍സി, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ (ഭേദഗതി) ബിൽ 2020 ജനുവരി 10 മുതലാണ് പ്രാബല്യത്തിൽ വന്നത്. കേന്ദ്ര മന്ത്രിസഭ 2019 ഡിസംബർ നാലിന് അംഗീകരിച്ച ബില്‍ ഡിസംബർ 10 ന് ലോക്‌സഭയിലും 11 ന് രാജ്യസഭയിലും പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്കിടെ പാസാക്കിയെങ്കിലും തെരുവുകളിലെ രക്തരൂഷിതമായ പ്രതിഷേധം ലോകം മറന്നിട്ടില്ല. വിവേചനപരമായ നിയമ ഭേദഗതിക്കെതിരായ ഹർജികൾ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന്റെ കീഴിലുള്ള ബെഞ്ച് ഡിസംബർ ആറിന് പരിഗണിക്കാനിരിക്കുന്നത് സിഎഎയെ ചോദ്യംചെയ്യുന്ന 232 ഹർജികളാണ്. മുസ്‍ലിങ്ങളായ അഭയാർത്ഥികളെ ഒഴിവാക്കാനാണ് കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവന്നത് എന്ന് പകല്‍ പോലെ വ്യക്തമാണ്. അതേ വിഭാഗീയ നിലപാട് അരക്കിട്ടുറപ്പിക്കാനുള്ള ശ്രമമാണ് എൻപിആറിലൂടെ നടത്തുന്നത്.

പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും രണ്ടാണ് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അയല്‍ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആറ് മതവിഭാഗങ്ങൾക്ക് ഇന്ത്യന്‍ പൗരത്വം നൽകുന്നതിനുള്ളതാണ് സിഎഎ എന്നും പൗരത്വ രജിസ്റ്ററാകട്ടെ ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനാണ് എന്നും അവര്‍ വീശദീകരിക്കുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവ മുസ്‍ലിം രാജ്യങ്ങളാണെന്നും അവിടെ വിവേചനം നേരിടുന്നത് ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങളായതുകൊണ്ടാണ് മുസ്‍ലിം വിഭാഗത്തെ മാറ്റിനിർത്തിയതെന്നും സര്‍ക്കാര്‍ ന്യായീകരിച്ചു. എന്നാൽ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും പ്രത്യക്ഷത്തിൽ രണ്ടാണെങ്കിലും ഇവ തമ്മിൽ കൃത്യമായ ബന്ധമുണ്ട്.

 


ഇതുകൂടി വായിക്കു;  മോഡിയുടെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്ക് പ്രതികാരമുഖം


 

 

നേരത്തെയുണ്ടായിരുന്ന 1971 എന്ന അടിസ്ഥാന വർഷം 1951 ആക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഒരോ പൗരനും തങ്ങളുടെ മുൻതലമുറ 1951 ന് മുമ്പ് ഇവിടെ ജീവിച്ചിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ സർക്കാരിന് മുന്നിൽ ഹാജരാക്കേണ്ടി വരും. അല്ലാത്ത പക്ഷം പൗരത്വം നഷ്ടപ്പെടുകയും അനധികൃത കുടിയേറ്റക്കാരായി മാറുകയും ചെയ്യും. എല്ലാമതത്തിലുള്ളവരെയും ഉള്‍ക്കൊള്ളിച്ചതായിരിക്കും പൗരത്വ രജിസ്റ്ററെന്നും അമിത് ഷാ പാർലമെന്റില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ പൗരത്വം തെളിയിക്കാൻ കഴിയാതെ വരുന്നത് ഏതുമതത്തില്‍ പെട്ട ആളായാലും പട്ടികയിൽ നിന്ന് പുറത്താകും. അസമില്‍ പൗരത്വ രജിസ്റ്റർ തയാറാക്കിയപ്പോൾ ഹിന്ദു, മുസ്‍ലിം വിഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ പുറത്തായതിന്റെ അനുഭവം മുന്നിലുണ്ട്. മുസ്‍ലിം അല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള ഭേദഗതി 2019 ല്‍ നടപ്പാക്കിയതോടെ മോഡി സര്‍ക്കാരിന്റെ കാപട്യം കൂടുതല്‍ തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

2003ല്‍ എ ബി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് രാജ്യവ്യാപകമായി എൻആർസിക്കുള്ള നടപടി തുടങ്ങിയത്. അന്നുണ്ടാക്കിയ ചട്ടത്തില്‍ ‘ഇന്ത്യയിലും ഇന്ത്യയ്ക്കു് പുറത്തും താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങൾ അടങ്ങിയ രജിസ്റ്റർ’ എന്നാണ് ദേശീയ പൗരത്വ രജിസ്റ്ററിനെ നിർവചിച്ചിട്ടുള്ളത്. ‘ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്ററിനായി, ഓരോ കുടുംബവുമായും വ്യക്തികളുമായും ബന്ധപ്പെട്ട നിർദ്ദിഷ്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി വീടുതോറുമുള്ള ഒരു കണക്കെടുപ്പ് രാജ്യത്തുടനീളം കൊണ്ടുപോകും’ എന്നും വ്യക്തമാക്കിയിട്ടുണ്ട്. 2014 നവംബർ 26ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ, ‘ദേശീയ ജനസംഖ്യാ രജിസ്റ്റർ രാജ്യത്തെ എല്ലാ നിവാസികളുടെയും രജിസ്റ്ററാണ്. സാധാരണനിവാസികളുടെ പൗരത്വ നില പരിശോധിച്ചുകൊണ്ട് ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണിത്’ എന്നു വിശദീകരിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ എൻപിആര്‍ രാജ്യവ്യാപകമായ എൻആർസി എന്ന സംഘ്പരിവാര്‍ അജണ്ടയുടെ മുന്നോടിയാണെന്ന് വ്യക്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.