Site iconSite icon Janayugom Online

പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണിൽ തുടക്കം

സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമൺ അഡ്വഞ്ചർ പാർക്കിൽ തുടക്കമായി. സാഹസിക ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 11 വിദേശ രാജ്യങ്ങളിൽ നിന്നായി 49 മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. മൊത്തം 15 വിദേശ താരങ്ങളും മാറ്റുരയ്ക്കുന്നുണ്ട്. ഈ മാസം 23 വരെയാണ് മത്സരങ്ങൾ. ഇടുക്കി ടൂറിസം ഡെ. ഡയറക്ടർ ഷൈൻ കെ എസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വൺ അഡ്വഞ്ചർ പ്രതിനിധി വിനിൽ തോമസ്, പാരാഗ്ലൈഡിങ് കോഴ്സ് ഡയറക്ടർ വിജയ് സോണി തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സംബന്ധിക്കും. 

ഫെഡറേഷൻ ഓഫ് എയ്റോനോട്ടിക് ഇന്റർനാഷണൽ, എയ്റോക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ലൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകർ. പാരാഗ്ലൈഡിങ് ആക്യുറസി ഓവറോൾ, പാരാഗ്ലൈഡിങ് ആക്യുറസി വിമൻ, പാരാഗ്ലൈഡിങ് ആക്യുറസി ടീം, പാരാഗ്ലൈഡിങ് ആക്യുറസി ഇന്ത്യൻ ഓവറോൾ, പാരാഗ്ലൈഡിങ് ആക്യുറസി ഇന്ത്യൻ വിമൻ, പാരാഗ്ലൈഡിങ് ആക്യുറസി ജൂനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം, ഒന്നരലക്ഷം രൂപ, ഒരു ലക്ഷം രൂപ, 50,000 രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുന്നത്. വാഗമണിൽ നിന്നും നാല് കി. മി അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലാണ് പാരാഗ്ലൈഡിങ് മത്സരങ്ങൾ നടക്കുന്നത്. 3000 അടി ഉയരത്തിൽ പത്തു കി.മി ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക് ഓഫിനും ലാൻഡിങ്ങിനും പ്രത്യേകം അനുയോജ്യമാണ്.

Exit mobile version