Site iconSite icon Janayugom Online

‘പരം സുന്ദരി’ കേരളത്തെ വളരെ മോശമായി ചിത്രീകരിച്ചു: സംവിധായകൻ രഞ്ജിത് ശങ്കർ

ബോളിവുഡ് ചിത്രം ‘പരം സുന്ദരി’യെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ജാന്‍വി കപൂര്‍-സിദ്ധാര്‍ഥ് മല്‍ഹോത്ര പ്രധാനകഥാപാത്രങ്ങളായി എത്തിയ സിനിമ കേരളത്തെയും മലയാളികളെയും വളരെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് രഞ്ജിത്ത് ശങ്കറിന്‍റെ അഭിപ്രായം. തുഷാർ ജലോട്ടാണ് ‘പരം സുന്ദരി’ സംവിധാനം ചെയ്ത്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന മലയാളി പെണ്‍കുട്ടിയായി വരുന്ന ജാന്‍വി കപൂറിന്റെ മലയാളത്തിലെ സംഭാഷണങ്ങള്‍ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. സിനിമയിലെ പല രംഗങ്ങളും കണ്ട് ഒരു രക്ഷയുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

മറ്റേതൊരു സിനിമയെയും പോലെ തന്നെ ‘പരം സുന്ദരി’ കേരളത്തെ വളരെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. മൊബൈല്‍ ഡേറ്റയോ, ഇന്റര്‍നെറ്റോ, പരിണാമമോ ഇല്ലാത്ത ഒരു സ്ഥലത്തിന്റെ നേര്‍ക്കാഴ്ചയാണ് സിനിമയില്‍ കാണിക്കുന്നത്. എന്നാല്‍ യഥാര്‍ഥ കേരളം ഇതിനേക്കാള്‍ മുന്നോട്ട് പോയിരിക്കുന്നു, അതിന് അനുസരിച്ച് സിനിമയും മാറേണ്ട സമയം അതിക്രമിച്ചുവെന്നാണ് രഞ്ജിത്ത് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ചിത്രത്തില്‍ സിദ്ധാര്‍ഥ് നോര്‍ത്ത് ഇന്ത്യന്‍ യുവാവായും ജാന്‍വി മലയാളി പെണ്‍കുട്ടിയുമായാണ് വേഷമിട്ടത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാളി താരം രഞ്ജി പണിക്കറും ചിത്രത്തില്‍ വേഷമിട്ടിരുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version