ഫ്രഞ്ച് തലസ്ഥാനത്ത് ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. രണ്ടാഴ്ച നീണ്ട കായികാരവങ്ങള്‍ക്കാണ് സമാപനം കുറിക്കുക. ഒന്നാം സ്ഥാനത്തെത്താനായി ചൈനയും യുഎസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇത്തവണ യുഎസ് ആധിപത്യത്തിന് ചൈന ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
നിലവില്‍ 37 സ്വര്‍ണം, 27 വെള്ളി, 24 വെങ്കലം എന്നിങ്ങനെ 87 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്തുണ്ട്. 33 സ്വര്‍ണം, 41 വെള്ളി, 39 വെങ്കലം എന്നിവയടക്കം 113 മെഡലുകളുമായി യുഎസ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മറ്റ് രാജ്യങ്ങളൊന്നും ഇരുവരുടെയും മെഡല്‍ നേട്ടത്തിന് അടുത്തൊന്നുമില്ല. 18 സ്വര്‍ണം, 16 വെള്ളി, 14 വെങ്കലം എന്നിങ്ങനെ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 48 മെഡലുകളുണ്ട്. 16 സ്വര്‍ണമടക്കം 37 മെഡലുകളുള്ള ജപ്പാന്‍ നാലാമതും 14 സ്വര്‍ണമടക്കം 57 മെഡലുകള്‍ നേടിയ ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. 14 സ്വര്‍ണം സഹിതം 56 മെഡലുകള്‍ നേടിയ ആതിഥേയര്‍ ആറാം സ്ഥാനത്താണ്.
ഏറെ പ്രതീക്ഷകളുമായി പാരിസിലെത്തിയ ഇന്ത്യയുടെ സ്ഥാനം നിലവില്‍ 69-ാമതാണ്. മുന്‍ ഒളിമ്പിക്സുകളേക്കാള്‍ നിറംമങ്ങി. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ന് നടക്കുന്ന സമാപന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ മലയാളി താരം പി ആര്‍ ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാകറും ഇന്ത്യന്‍ പതാകയേന്തും.
യുഎസും ഫ്രാൻസും തമ്മിലുള്ള വനിതാ ബാസ്കറ്റ്ബോൾ ഫൈനലാണ് മെഡല്‍ നിര്‍ണയിക്കുന്ന അവസാന മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴുമണിക്കാണ് ഈ മത്സരം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30 നാണ് സമാപനചടങ്ങുകള്‍ക്ക് തുടക്കമാവുക. രണ്ടര മണിക്കൂറോളം നീളുന്ന പരിപാടി ഒരുക്കിയിരിക്കുന്നത് ഉദ്ഘാടന ചടങ്ങുകളുടെ സംവിധായകനായ തോമസ് ജോളി തന്നെയാണ്. നൂറുകണക്കിന് കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.
പാരിസ് മേയര്‍ അന്ന ഹിഡാല്‍ഗോ 2028 ല്‍ ആതിഥ്യം വഹിക്കുന്ന ലോസ് ആഞ്ചലസിലെ മേയര്‍ കാരെന്‍ ബാസിന് ഒളിമ്പിക് പതാക കൈമാറും. ഗ്രാമി അവാര്‍ഡ് ജേതാവ് യുഎസ് ഗായിക ഹെര്‍ അടക്കമുള്ളവര്‍ സമാപനചടങ്ങില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
English Summary: Paris Olympics ends today
You may also like this video