Site iconSite icon Janayugom Online

എസ്ഐആറില്‍ രണ്ടാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു; പ്രതിപക്ഷത്തിന് വഴങ്ങി കേന്ദ്രം

പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്ഐആര്‍) ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചു. പ്രതിപക്ഷ സമ്മര്‍ദത്തിന് വഴങ്ങി തെരഞ്ഞെടുപ്പ് പരിഷ്കാരം വരുന്ന ചൊവ്വാഴ്ച ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. എസ്ഐആര്‍ വിഷയത്തില്‍ പാര്‍ലമെന്റ് വളപ്പിനുള്ളില്‍ നടത്തിയ പ്രതിഷേധത്തിനു ശേഷമാണ് പ്രതിപക്ഷം സഭയിലും സര്‍ക്കാരിനെതിരെ തിരിഞ്ഞത്. സമ്മേളനം ആരംഭിക്കും മുന്നേ എസ്ഐആര്‍ നിര്‍ത്തി വയ്ക്കൂ, വോട്ട് മോഷണം അവസാനിപ്പിക്കൂ എന്ന ബാനറുമായാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിനുള്ളില്‍ പ്രതിഷേധിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് ഇരു സഭകളിലും ഇന്നലെ കാണാനായത്. ലോക്‌സഭ സമ്മേളിച്ചയുടന്‍ ശൂന്യവേളയില്‍ തന്നെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ത്തു. പ്രതിഷേധം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ ആദ്യം 12 വരെയും പിന്നീട് ഉച്ചതിരിഞ്ഞ് രണ്ടു വരെയും നിര്‍ത്തിവച്ചു. രണ്ടിന് സമ്മേളിച്ച സഭയില്‍ പിന്നോട്ടുപോകാന്‍ പ്രതിപക്ഷം കൂട്ടാക്കാത്തതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.

രാജ്യസഭയിലും കാഴ്ച വ്യത്യസ്തമായിരുന്നില്ല. രാവിലെ സമ്മേളിച്ച സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി എസ്ഐആര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യം വിളികളും പ്രതിഷേധവും കടുപ്പിച്ചു. പ്രതിഷേധം വകവെയ്ക്കാതെ ചോദ്യവേള മുന്നോട്ടുകൊണ്ടുപോകാനാണ് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ പരമാവധി ശ്രമിച്ചത്. ചോദ്യവേള അവസാനിക്കും മുന്നേ രാജ്യസഭ ആദ്യം ഉച്ചതിരിഞ്ഞ് രണ്ടുവരെ പിരിഞ്ഞു. വീണ്ടും സമ്മേളിച്ച സഭയില്‍ പിന്നോട്ടില്ലെന്ന സന്ദേശമാണ് പ്രതിപക്ഷം മുന്നോട്ടു വച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ അതിന് സമയക്രമ നിബന്ധനകള്‍ പാടില്ലെന്നും നിയമ മന്ത്രി കിരണ്‍ റിജിജു സഭയില്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷം വീണ്ടും പ്രതിഷേധവുമായി എത്തി. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ സഭ ആദ്യം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം രാജ്യസഭയില്‍ മുന്നോട്ടുവച്ചത്. ലോക്‌സഭ പാസാക്കിയ മണിപ്പൂര്‍ ജിഎസ്‌ടി ഭേദഗതി ബില്‍ രണ്ട് ഹ്രസ്വ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സഭ പാസാക്കുകയും ചെയ്തു. ഇതിനുശേഷം പ്രത്യേക പരാമര്‍ശങ്ങളിലേക്ക് കടന്ന സഭ മൂന്നേ മുക്കാലോടെ ഇന്നത്തേക്ക് പിരിഞ്ഞു. തര്‍ക്ക പരിഹാരത്തിനായി ലോകസ്ഭാ സ്പീക്കര്‍ ഓം ബിര്‍ള ഉച്ചകഴിഞ്ഞ് പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. ദേശീയ ഗീതമായ വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട പ്രത്യേക ചര്‍ച്ചകള്‍ വരുന്ന തിങ്കളാഴ്ചയും തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങള്‍ ഡിസംബര്‍ ഒമ്പതിനും നടത്താമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു യോഗത്തില്‍ ഉറപ്പു നല്‍കി.

Exit mobile version