Site iconSite icon Janayugom Online

അഡാനി വിഷയത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്: ഭരണപക്ഷത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ട്രഷറി ബെഞ്ചുകള്‍ ശ്രമിച്ചത് മുന്‍ ഭരണത്തിലെ പിഴവുകള്‍ അക്കമിട്ട് നിരത്താൻ

അഡാനി വിഷയത്തില്‍ ഇന്നലെയും പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭ രണ്ടു വട്ടവും ലോക്‌സഭ ഒരു വട്ടവും സ്തംഭിച്ചു. ഇന്നലെ രാവിലെ തന്നെ അഡാനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ലോക്‌സഭയും രാജ്യസഭയും ആദ്യം ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.

പിന്നീട് സമ്മേളിച്ച രാജ്യസഭ വീണ്ടും പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമായതോടെ ഉച്ച കഴിഞ്ഞ് രണ്ടു വരെ നിര്‍ത്തിവച്ചു. തുടര്‍ന്ന ചേര്‍ന്ന സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയാണ് നടന്നത്. ഉച്ചയ്ക്ക് 12ന് സമ്മേളിച്ച ലോക്‌സഭ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയിലേക്ക് നീങ്ങുകയാണുണ്ടായത്.അഡാനിയെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നെന്ന കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ലോക്‌സഭയില്‍ ഭരണ പ്രതിപക്ഷ വാക്കേറ്റത്തിനു വഴിവച്ചു. 

സഭാ നടപടികളുമായി സഹകരിക്കാന്‍ ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണയായിരുന്നു. സിപിഐയെ പ്രധിനിധീകരിച്ച് രാജ്യസഭാംഗമായ ബിനോയ് വിശ്വമാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ആം ആദ്മിയും ഭാരത് രാഷ്ട്ര സമിതിയും ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ച ഇരുസഭകളിലും പുരോഗമിക്കവെ പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മുന്‍ ഭരണത്തിലെ പിഴവുകള്‍ അക്കമിട്ട് നിരത്താനാണ് ട്രഷറി ബെഞ്ചുകള്‍ ശ്രമിച്ചത്. രാജ്യസഭ വൈകിട്ട് ആറുമണിയോടെ പിരിഞ്ഞു.

Eng­lish Sum­ma­ry: Par­lia­ment dead­locked on Adani issue

You may also like this video 

Exit mobile version