പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വരുന്ന തിങ്കളാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും. ഇന്ന് രാവിലെ സമ്മേളിച്ച ലോക്‌സഭയില്‍ ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്രവേഗത്തില്‍ പുതുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ ആദ്യം 12 വരെയും പിന്നീട് രണ്ടു വരെയും സഭ നിര്‍ത്തിവച്ചു. സഭ പിന്നീട് സമ്മേളിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധത്തിന് ശമനം വരാത്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും സമാന കാഴ്ചയാണ് ദൃശ്യമായത്.
അടിയന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സഭാ സ്തംഭനത്തിന് കാരണം സര്‍ക്കാരാണ്. ബിഹാറില്‍ നിലവിലുള്ള വോട്ടര്‍മാരില്‍ 52 ലക്ഷം പേരാണ് ഇതിനോടകം വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായതെന്ന് കോണ്‍ഗ്രസ് അംഗം രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. നാഷണല്‍ സ്‌പോര്‍ട്‌സ് ഗവര്‍ണന്‍സ് ബില്‍ 2025, നാഷണല്‍ ആന്റി ഡോപ്പിങ് ഭേദഗതി ബില്‍ 2025 എന്നീ ബില്ലുകള്‍ കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മഹാരാഷ്ട്രയില്‍ ഒരു കോടി വോട്ടര്‍മാരെയാണ് വളഞ്ഞ വഴിയിലൂടെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കര്‍ണാടകയില്‍ വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ മോഷണം നടന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് പ്രതിപക്ഷത്തിന് അറിയാമെന്ന് കമ്മിഷന് ബോധ്യമുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വരുന്ന തിങ്കളാഴ്ചയാണ് ലോക്‌സഭയില്‍ തുടക്കം കുറിക്കുക. ഇന്നലെ രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ആകെ 16 മണിക്കൂറാകും വിഷയം ചര്‍ച്ച ചെയ്യുക. പ്രധാനമന്ത്രിയും ചര്‍ച്ചകളില്‍ പങ്കെടുത്തേക്കും. രാജ്യസഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ 29 നാകും ചര്‍ച്ചയ്ക്ക് എത്തുക.

